കൊച്ചി: ജോലി സമ്മർദ്ദത്തെ തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യൻ പൂനെയിൽ മരിച്ച സംഭവത്തിന് പിന്നാലെ കുടുംബത്തെ കണ്ട് അനുശോചനം അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്നും പാർലമെന്റിൽ ഇത് വിഷയമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു അനീതി സംഭവിച്ചുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. സാമൂഹികമായ തിരുത്തൽ അനിവാര്യമാണ്. കേന്ദ്രമന്ത്രി എന്നതിനപ്പുറം ‘ഒരു അച്ഛൻ എന്ന നിലയിൽ’ പാർലമെന്റിൽ വിഷയം ഉന്നയിക്കും. തൊഴിൽ ചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ നടപടിയുണ്ടാകും. അതിലേക്കുള്ള മാറ്റങ്ങൾക്ക് അന്നയുടെ വിയോഗം കാരണമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂനെയിലെ ഈവൈ കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു കൊച്ചി സ്വദേശിനിയായ അന്ന സെബാസ്റ്റ്യൻ. 26-കാരിയായ അന്ന ജൂലൈ 20ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുകയായിരുന്നു. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ താൻ അനുഭവിക്കുന്ന ജോലി സമ്മർദ്ദത്തെക്കുറിച്ച് സുഹൃത്തുക്കളോടും മാതാപിതാക്കളോടും അന്ന പങ്കുവച്ചിരുന്നു. അവധി പോലുമെടുക്കാതെ മാസങ്ങളോളം പണിയെടുത്തത് മാനസികമായും ശാരീരികമായും അന്നയെ ബാധിച്ചിരുന്നു. സംഭവം ചൂണ്ടിക്കാട്ടി കമ്പനിയുടെ അധികൃതർക്ക് അന്നയുടെ അമ്മ അനിത സെബാസ്റ്റ്യൻ തുറന്നകത്ത് അയച്ചതോടെയാണ് വിഷയം സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.