പാർട്ടിക്ക് ദോഷം വരുന്ന നിലപാടുകൾ പരസ്യമായി ഉയർത്തിക്കാട്ടുന്ന നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതിന് പിന്നാലെ അൻവറിനെതിരെ വടിയെടുത്ത് സിപിഎമ്മും. പിവി അൻവർ നിലപാട് തിരുത്തണമെന്ന ആവശ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ടുവയ്‌ക്കുന്നത്. അൻവറിന്റെ പരാമർശങ്ങൾ പാർട്ടിയുടെ ശത്രുക്കൾ മുതലെടുക്കുന്നു. അൻവർ നിലപാട് തിരുത്താൻ തയ്യാറാകണം, പരസ്യപ്രതികരണങ്ങളിൽ നിന്ന് പിന്മാറണം എന്നീ കാര്യങ്ങളാണ് പരസ്യപ്രസ്താവനയിലൂടെ പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ അൻവർ പരസ്യപ്രതികരണങ്ങൾ നടത്തുന്നത് പതിവായതോടെ കടുത്ത ഭാഷയിലായിരുന്നു ഇന്നലെ മുഖ്യമന്ത്രി വിമർശിച്ചത്. അതേനിലപാടിലാണ് പാർട്ടിയും. രണ്ടുംകൽപ്പിച്ചിറങ്ങിയ അൻവറിന്റെ നിലപാടുകൾ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് എംഎൽഎയെ തള്ളി സിപിഎം രംഗത്തെത്തിയത്. ആരോപണങ്ങൾ മുഖ്യമന്ത്രിയേയും പാർട്ടിയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കിയതോടെ എംഎൽഎയെ എങ്ങനെ നിലയ്‌ക്ക് നിർത്തണമെന്ന ആശയക്കുഴപ്പവും സിപിഎമ്മിന് അകത്തുണ്ട്. സൈബർ സഖാക്കളിൽ ഒരു വിഭാഗത്തിന്റെ പിന്തുണ അൻവറിനുള്ളതിനാൽ അഴിക്കുംതോറും മുറുകുന്ന കയറാവുകയാണ് അൻവർ.
പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുന്ന അൻവർ പഴയപാത പിന്തുടർന്ന് യുഡിഎഫിലേക്ക് പോകുമോയെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ യുഡിഎഫിലേക്ക് അടുപ്പിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. ആരെയും തനിക്ക് പേടിയില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി തെറ്റ് സംഭവിച്ചിരിക്കുന്നുവെന്ന് ഉറക്കെപ്പറഞ്ഞ അൻവറിന്റെ പാർട്ടിയിലെ ഭാവി തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.















