വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വസ്തുക്കൾ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് സന്ദർശനത്തിന്റെ ആദ്യ ദിവസം ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദി ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രി ജോ ബൈഡന് വെള്ളിയിൽ തീർത്ത ‘പഴയ തീവണ്ടി മാതൃകയും പ്രഥമ വനിത ജിൽ ബൈഡന് പഷ്മിന ഷാളും മോദി സമ്മാനിച്ചു. ട്രെയിനിന്റെ 92.5 ശതമാനവും വെള്ളിയാണ്. കൽക്കരിയിൽ പ്രവർത്തിക്കുന്ന പഴയകാല തീവണ്ടിയുടെ മാതൃകയാണിത്.
മഹാരാഷ്‌ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധരുടെ കഴിവുകൾ പ്രകടമാക്കുന്ന അപൂർവ കൊത്തുപണികൾ ഇതിലുണ്ട്. ട്രെയിനിന്റെ ലോഹപാളിയിൽ തീർത്തിരിക്കുന്ന വിപുലമായ കൊത്തുപണികൾ, റിപൗസ് സാങ്കേതിക വിദ്യയുടെ ഉപയോഗം, സങ്കീർണമായ ഫെലിഗ്രി കൊത്തുപണികൾ എന്നിവ രാജ്യത്തെ കലാപരമായ പൈതൃകം പ്രദർശിപ്പിക്കുന്നതാണ്. എഞ്ചിന്റെ വശങ്ങളിൽ “ഡൽഹി-ഡെലവെയർ” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡന്റിന്റെ ജന്മനാടാണ് ഡെലവെയർ. ഇവിടെ വച്ചാണ് ഇത്തവണത്തെ ക്വാഡ് ഉച്ചകോടി നടന്നത്.
പ്രഥമ വനിത ജിൽ ബൈഡന് പേപ്പർ മാഷെ ബോക്സിലാണ് മോദി ‘പഷ്മിന ഷാൾ’ സമ്മാനിച്ചത്. രണ്ടും കശ്‌മീരിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്നതാണ്. ലഡാക്കിൽ കണ്ടുവരുന്ന പ്രത്യേക ഇനത്തിൽ പെട്ട ചാങ്‌താങ്ങി ആടിന്റെ കമ്പിളിയിൽ നിന്നുമാണ് പഷ്മിന ഷാൾ നെയ്തെടുക്കുന്നത്. വളരെ മൃദുവും ഭാരം ഒട്ടും തന്നെ അനുഭവപ്പെടാത്തതുമായ ഈ തുണിത്തരം പ്രകൃതി ദത്തമായ ചായങ്ങൾ മുക്കി കശ്മീരി കലാകാരൻമാർ സുന്ദരമാക്കുന്നു.
ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തെ അനുസ്മരിക്കുന്നതായിരുന്നു മോദി നൽകിയ സമ്മാനങ്ങൾ.















