തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയത്തിലും ഭീകരർ നുഴഞ്ഞുകയറുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐയും പിഎഫ്‌ഐയും സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഇരുകൂട്ടരും അക്രമത്തിലാണ് വിശ്വസിക്കുന്നതെന്നും എതിർക്കുന്നവരെ അവർ നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനം ടിവിയുടെ ദി ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗവർണറുടെ വാക്കുകൾ.
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം തകർച്ചയുടെ വക്കിലാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ രാഷ്‌ട്രീയ ഇടപെടൽ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുന്നു. എസ്എഫ്ഐക്കുള്ളിൽ പോപുലർഫ്രണ്ട് ഭീകരർ നുഴഞ്ഞുകയറുകയാണ്. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലും സർക്കാർ നോമിനികളെയാണ് കുത്തിനിറയ്‌ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസരംഗം രാഷ്‌ട്രീയ മുതലെടുപ്പിനുള്ള മേഖലയാക്കി മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. അപര്യാപ്‌തമായ സാഹചര്യമാണ് കേരളത്തിലെ വിദ്യാർത്ഥികൾ നേരിടുന്നത്. ഇത് വളരെയധികം ദുഃഖകരമാണെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാർ ഇതിന് ഉടൻ പരിഹാരം കാണണമെന്നും ഗവർണർ ആവശ്യപ്പെട്ടു.















