ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. എബിവിപി സ്ഥാനാർത്ഥികൾ ഞായറാഴ്ചയും പ്രചാരണത്തിന് മുന്നിട്ടിറങ്ങി. ഞായറാഴ്ച സർവ്വകലാശാല ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് പ്രചരണം ശക്തമാക്കി.
ഡൽഹി സർവ്വകലാശാലയുടെ കീഴിലുള്ള രാജീവ് ഗാന്ധി വുമൺസ് ഹോസ്റ്റൽ ,മാനസസരോവർ ഹോസ്റ്റൽ, മേഘ്ദൂത്, പി.ജി മെൻസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളോട് പ്രചാരണത്തിനിടെ സ്ഥാനാർത്ഥികൾ സംവദിച്ചു. ക്യാംപസിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെയും പരീക്ഷ നടത്തിപ്പ് സുതാര്യമാക്കേണ്ടതിന്റെയും വിദ്യാർത്ഥികളും സ്ഥാനാർത്ഥികളും നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചയായി.
എസ്.സി എസ്.ടി , ഒബിസി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വർധനവ് സാധ്യമാക്കും , വിവിധ കോഴ്സുകൾക്ക് സമാനമായ ഫീസ് ഘടന നിശ്ചയിക്കാൻ ശ്രമിക്കും എന്നിങ്ങനെയുള്ള പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. എബിവിപി പ്രസിഡന്റ് സ്ഥാനാർത്ഥി ഋഷഭ് ചൗധരി, വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരൻവാൾ, ജോയിന്റ് സെക്രട്ടറി അമൻ കപാസിയ എന്നിവർ നേതൃത്വം നൽകി.