ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള നസ്സൗ കൊളീസിയത്തിൽ ‘Modi and US’ ഇവന്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എഐ എന്നാൽ അമേരിക്കൻ ഇന്ത്യൻസ് എന്ന് നിർവചിക്കാനാണ് തനിക്കിഷ്ടമെന്ന് മോദി പറഞ്ഞു.
ലോകത്തെ സംബന്ധിച്ചിടത്തോളം എഐ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയിരിക്കും. എന്നാൽ അമേരിക്കൻ ഇന്ത്യൻസ് എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ലോകത്ത പുതിയ എഐ ശക്തിയാണിത്. ഇന്തോ-യുഎസ് ബന്ധത്തെ പുതിയ തലത്തിലേക്ക് എത്തിച്ചത് അമേരിക്കൻ ഇന്ത്യൻസ് ആണ്. ഇവിടെയുള്ള ഇന്ത്യൻ സമൂഹത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു.
ലോകത്തെവിടെ പോകുമ്പോഴും അവിടെയുള്ള നേതാക്കൾ ഇന്ത്യൻ സമൂഹത്തെക്കുറിച്ച് നല്ലകാര്യങ്ങൾ പറയാറുണ്ട്. കഴിഞ്ഞ ദിവസം പ്രിസഡന്റ് ബൈഡൻ അദ്ദേഹത്തിന്റെ ഡെലവെയറിലുള്ള വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ഹൃദയാർദ്രമായാണ് അദ്ദേഹം എന്നോട് പെരുമാറിയത്. അത് 140 കോടി ഭാരതീയർക്ക് ലഭിക്കുന്ന അംഗീകാരമാണ്. അമേരിക്കയിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അവകാശപ്പെട്ടതാണ് എനിക്കിവിടെ ലഭിച്ച അംഗീകാരം.
2024 എന്ന വർഷം ഈ ലോകത്തിന് മുഴുവൻ പ്രധാനപ്പെട്ടതാണ്. ലോകത്തിന്റെ ഒരു വശത്ത് രാജ്യങ്ങൾ പരസ്പരം പോരടിക്കുന്നു. മറ്റൊരു വശത്ത് പലരാജ്യങ്ങളും ജനാധിപത്യത്തെ ആഘോഷിക്കുന്നു. അത്തരത്തിൽ ഇന്ത്യയും അമേരിക്കയും ജനാധിപത്യത്തെ ഒരുമിച്ച് ആഘോഷിക്കുകയാണ്.
ഇവിടെ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനാണ് അടുത്തിടെ ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പ് ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി. അമേരിക്കയിലെ ആകെ ജനസംഖ്യയുടെ ഇരട്ടിയാളുകൾ ഇന്ത്യയിൽ വോട്ട് ചെയ്യാനുണ്ടായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ തീവ്രത തിരിച്ചറിഞ്ഞാൽ നമ്മൾ കൂടുതൽ അഭിമാനപുളകിതരാകും.
മൂന്നുമാസം നീളുന്ന തെരഞ്ഞെടുപ്പ്. 10 ലക്ഷത്തിൽ കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ. നിരവധി രാഷ്‌ട്രീയപാർട്ടികൾ. 8000-ത്തിൽ കൂടുതൽ സ്ഥാനാർത്ഥികൾ. വിശാലമായ മാധ്യമരംഗം. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മഹനീയ ഉദാഹരണമാണ് തെരഞ്ഞെടുപ്പ്. മൂന്നാമതും മോദി അധികാരത്തിൽ എത്തിയത് മറ്റൊരു ചരിത്രം. മൂന്നാമത്തെ അവസരത്തിൽ വലിയ ലക്ഷ്യങ്ങളാണ് നിറവേറ്റാനുള്ളത്. നമ്മൾ മൂന്നിരട്ടി വേഗതയിൽ മുന്നോട്ടു പോകേണ്ടതുണ്ട്. – പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.















