ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് 297 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ കൈമാറി അമേരിക്ക. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടു പോയ പുരാവസ്തുക്കളാണ് ഇവ. യുഎസ് സർക്കാരിന് നന്ദി അറിയിക്കുന്നതായും, അമൂല്യമായ പൈതൃക സ്വത്തുക്കൾ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
” രാജ്യത്തിന്റെ സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കിക്കൊണ്ട്, അമൂല്യമായ പൈതൃക സ്വത്തുക്കൾ അനധികൃതമായി കടത്തിയതിനെതിരായ പോരാട്ടം ശക്തമാക്കും. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടു പോയ 297 അത്യപൂർവ്വമായ പുരാവസ്തുക്കൾ തിരികെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ഉറപ്പാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും, അവിടുത്തെ സർക്കാരിനും നന്ദി അറിയിക്കുകയാണെന്നും” പ്രധാനമന്ത്രി പറഞ്ഞു.
പുരാവസ്തുക്കൾ തിരികെ ഇന്ത്യയിലെത്തിക്കുന്നതിന് ജോ ബൈഡന്റെ ഭാഗത്ത് നിന്നുണ്ടായ പിന്തുണ എടുത്ത് പറയേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ ബന്ധം എന്നതിനപ്പുറമായി നാഗരികതയുടേയും അന്തർബോധത്തിന്റേയും അന്തസത്തയാണിവയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 2014 മുതൽ ഇന്ത്യയിലേക്ക് തിരികെ എത്തിച്ച പുരാവസ്തുക്കളുടെ എണ്ണം ഇതോടെ 640 ആയി ഉയർന്നിട്ടുണ്ട്. അമേരിക്കയിൽ നിന്ന് മാത്രം 578ഓളം പുരാവസ്തുക്കൾ തിരികെ എത്തിച്ചിട്ടുണ്ട്.
ധ്യാനത്തിലിരിക്കുന്ന ജൈന തീർത്ഥങ്കരൻ, പശുവിനൊപ്പം നിൽക്കുന്ന ആയുധധാരിയായ കൃഷ്ണൻ, കൈകളിൽ പൂമൊട്ട് പിടിച്ചിരിക്കുന്ന യുവതി, സംഗീതോപകരണം വായിക്കുന്ന യുവാവിന്റേയും നൃത്തം ചെയ്യുന്ന യുവതിയുടേയും ചിത്രം, കളിമണ്ണിൽ നിർമ്മിച്ച പാത്രം, മണൽക്കല്ലിൽ നിർമ്മിച്ച അപ്‌സര എന്നിവ തിരികെ ലഭിച്ച പുരാവസ്തുക്കളിൽ ചിലതാണ്.






















