ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന് സുപ്രീംകോടതി. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി പ്രസ്താവിച്ചു.
മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. ഈ ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
‘കുട്ടികളുടെ അശ്ലീലദൃശ്യം’ അഥവാ ‘ചൈൽഡ് പോണോഗ്രഫി’ എന്ന പദം ഇനി ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഇനിമുതൽ ഒരു കോടതിയിലും ‘കുട്ടികളുടെ അശ്ലീലദൃശ്യം’ എന്ന് പരാമർശിക്കരുതെന്ന കർശന നിർദേശമാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യം എന്നതിന് പകരം ‘ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കൾ’ എന്നാക്കണം. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.















