കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള പാർട്ടി തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ്. മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി ഇന്ന് ഉച്ചയ്‌ക്ക് ശേഷം പരിഗണിക്കുമെന്നാണ് സൂചന.
ഇന്ന് വൈകീട്ട് 4 മണിക്ക് കളമശ്ശേരി മെഡിക്കൽ കോളജിന് മൃതദേഹം വിട്ടുനൽകുമെന്നാണ് മന്ത്രി പി രാജീവ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിനെതിരെയാണ് മകൾ നിയമപരമായി നീങ്ങുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പാർട്ടി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് ആശാ പറഞ്ഞു.
മൃതദേഹം ഇത്തരത്തിൽ കൈമാറുന്നതിൽ മക്കൾ 3 പേരുടെയും സമ്മതം ആവശ്യമാണെന്നും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ആശ പറയുന്നു. ലോറൻസിന്റെ മൃതദേഹം ക്രിസ്തീയ വിശ്വാസപ്രകാരം പള്ളി സെമിത്തേരിയിൽ സംസ്കരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അച്ഛന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി തനിക്ക് അറിയില്ലായെന്നും അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് അനുവദിക്കില്ലായിരുന്നുവെന്നും ആശ പറയുന്നു. മൃതദേഹം വൈദ്യ പഠനത്തിന് കൈമാറുന്നതിൽ തനിക്ക് യോജിപ്പില്ലെന്നും അതിനാൽ ഈ നീക്കം കോടതി ഇടപെട്ട് തടയണമെന്ന് ആവശ്യപ്പെട്ടാണ് മകളുടെ ഹർജി.