കൊച്ചി: എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്ന മകളുടെ ഹർജി തീർപ്പാക്കി കോടതി. ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും.
മൃതദേഹം കൈമാറണമെന്ന് ലോറൻസ് എഴുതി നൽകിയിട്ടുണ്ടോയെന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. എന്നാൽ ഇത് തെളിയിക്കുന്ന രേഖകൾ ഒന്നും നിലവിൽ ഇല്ലായെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു. ലോറൻസിന്റെ ഭാര്യയുടെ ഭൗതികശരീരം സംസ്കരിച്ചത് പള്ളിയിലാണെന്നും ലോറൻസിപ്പോഴും ഇടവകാംഗമാണെന്നും ആശ പറഞ്ഞു.
ലോറൻസ് പാർട്ടി നേതാവായിരിക്കാം എന്നാൽ ഭൗതിക ശരീരം രാഷ്‌ട്രീയത്തിന്റെ ഭാഗമല്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. തുടർന്നാണ് കോടതി എം.എം ലോറൻസിന്റെ ഭൗതിക ശരീരം മോർച്ചറിയിൽ സൂക്ഷിക്കാൻ ഉത്തരവിട്ടത്. അന്തിമ തീരുമാനം വരുന്നതുവരെ മൃതദേഹം പഠനാവശ്യങ്ങൾക്കായി കൈമാറരുതെന്നും കോടതി നിർദ്ദേശിച്ചു. ആശയുടെ പരാതി പരിശോധിക്കാൻ മെഡിക്കൽ കോളേജിന് നിർദ്ദേശം നൽകിയ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.