ചുരുക്കം ചില സിനിമകൾ കൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായ യുവനടിയാണ് നിഖില വിമൽ. എന്നാൽ അടുത്തിടെ താരം ചില വിമർശനങ്ങൾ നേരിട്ടിരുന്നു. ഒറ്റഭാവത്തിൽ മാത്രം ഒരു മുഴുനീള സിനിമയിൽ അഭിനയിക്കുന്നു എന്നായിരുന്നു വിമർശനം. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമായിരുന്നു നടിക്കെതിരെ ഇത്തരം ചർച്ചകൾ തുടങ്ങിയത്. ഈയൊരു വിമർശനത്തിന് മറുപടി നൽകിയിരിക്കുകയാണ് നിഖില. ‘കഥ ഇന്നുവരെ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷനുകൾക്കിടെയാണ് ‘ഒറ്റഭാവം’ എന്ന വിമർശനത്തിന് താരം മറുപടി നൽകിയത്.
ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിൽ ഒറ്റഭാവം അല്ല, നാല് ഭാവങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു നിഖിലയുടെ മറുപടി. ഏതെങ്കിലും ഒരു സീനിനെ മാത്രം കേന്ദ്രീകരിച്ച് വിമർശിച്ചാൽ എന്തുചെയ്യാൻ പറ്റുമെന്നും നടി ചോദിച്ചു.
നിഖിലയുടെ വാക്കുകളിലേക്ക്..
ഞാൻ കൺവിൻസ്‍ഡ് ആയതുകൊണ്ടല്ല, എന്റെ ഡയറക്ടർ കൺവിൻസ്ഡ് ആയതുകൊണ്ടാണ് അങ്ങനെ അഭിനയിച്ചിരിക്കുന്നത്. എനിക്ക് അതിൽ മറ്റൊന്നും ചെയ്യാൻ കഴിയില്ല. ഉദാഹരണമായി, ഒരു സീനിൽ ബേസിലേട്ടൻ മുൻപിൽ വരുമ്പോൾ ചിരിക്കാം എന്ന് കരുതി അഭിനയിച്ചാൽ ശരിയാവില്ലല്ലോ.. അതുപോലെ അവസാന സീനുകളിൽ കൺഫ്യൂസ്ഡ് ആയി ഇരിക്കുന്ന ആളെയാണ് വേണ്ടത്. അത് ചെയ്തു. ഒരുപാട് സീനുകൾ എഡിറ്റ് ചെയ്ത് പോയിട്ടുണ്ട്. ഫൈനൽ ഔട്ടിൽ നല്ല വ്യത്യാസമുണ്ടായിരുന്നു.
ഗുരുവായൂർ അമ്പലനടയിൽ സിനിമയ്‌ക്ക് വേണ്ടി അഭിനയിക്കാൻ പോയ ആദ്യ ദിവസം ഒരു പറമ്പിൽ എന്നെ കുറേ നടത്തിച്ചു. അതൊന്നും പിന്നീട് വന്നിട്ടില്ല. ചില സീനുകൾ അത്ര പ്രസക്തി ഇല്ലാത്തതാണെന്ന് തോന്നിയതുകൊണ്ട് അവസാനം കളഞ്ഞിട്ടുണ്ട്. എന്റെ ക്യാരക്ടറാണ് ആ സിനിമയുടെ ഒരു കാരണം. പക്ഷെ ആ സിനിമ എന്റെ കഥാപാത്രത്തിന്റെ സൈഡ് ഓഫ് സ്റ്റോറി അല്ല. എന്നെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കഥയാണ്.
പിന്നെ എന്റെ അറിവിൽ ആ സിനിമയിൽ എന്റെ കഥാപാത്രത്തിന് ഒറ്റ ഭാവം അല്ല. ഒരു നാല് ഭാവങ്ങളെങ്കിലും ഉണ്ട്. നിങ്ങൾ ഒറ്റ സീനിൽ മാത്രം കേന്ദ്രീകരിച്ച് പറഞ്ഞാൽ പിന്നെ എന്തുചെയ്യാൻ പറ്റും?.- നിഖില ചോദിച്ചു.
അടുത്തിടെ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ച നുണക്കുഴി എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ചും സമാനമായ വിമർശനം നിഖിലയ്‌ക്കെതിരെ ഉയർന്നിരുന്നു. സിനിമയിൽ മുഴുവൻ ഒരേ ഭാവത്തിൽ അഭിനയിക്കുന്നുവെന്നാണ് സിനിമാസ്വാദകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. ഇതേ വിമർശനം കേട്ട മറ്റൊരു മലയാള നടിയായിരുന്നു നിമിഷ വിജയൻ. അഭിനയിക്കുന്ന ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും ഒരേഭാവം നൽകിയാണ് അഭിനയിക്കുന്നതെന്നായിരുന്നു നിമിഷയ്‌ക്കെതിരായ വിമർശനം.















