ടെൽഅവീവ്: ഹമാസ് തലവൻ യഹിയ സിൻവാർ ജീവിച്ചിരുപ്പുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഇസ്രായേൽ അന്വേഷണം തുടങ്ങി. ഗാസ സിറ്റിയിലെ ഹമാസ് കമാൻഡ് സെന്ററിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് സ്ഥിരീകരിക്കാനായി ഇസ്രായേൽ ശ്രമം തുടങ്ങിയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യഹിയ സിൻവാർ മരിച്ചുവെന്നതിന് പുതിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ സാധ്യതയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിലെയും പ്രതിരോധ സേനയിലെയും ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്‌ടോബർ ഏഴിന് നടന്ന ഭീകരാക്രമണത്തിന് ശേഷം ഹമാസിന്റെ തുരങ്ക ശൃംഖലയിലാണ് സിൻവാറിനെ അവസാനമായി കണ്ടത്.
ഒക്ടോബർ 7 ന് ഇസ്രേയലിൽ ഹമാസ് നടത്തിയ വ്യോമാക്രണത്തിന്റെ സൂത്രധാരനാണ് യഹിയ സിൻവാർ. ഇറാനിൽ നടന്ന സ്ഫോടനത്തിൽ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭീകരസംഘനയുടെ തലപ്പത്ത് യഹിയ സിൻവാർ എത്തിയത്.
ഗാസ ആസ്ഥാനമായാണ് യഹിയ സിൻവാർ കാലങ്ങളായി പ്രവർത്തിക്കുന്നത്. ‘തിന്മയുടെ മുഖ’മെന്ന് വിശേഷിപ്പിക്കുന്ന സിൻവാർ ഇസ്രായേൽ ഹിറ്റ്ലിസ്റ്റിലെ മുൻ നിരക്കാരനാണ്. 2015ൽ അമേരിക്ക ‘ആഗോള ഭീകരനായി’ പ്രഖ്യാപിച്ചിരുന്നു. ഗാസയിലുടനീളം പ്രാദേശികമായി യാത്ര ചെയ്ത് പ്രസംഗങ്ങൾ സംഘടിപ്പിച്ചിരുന്ന സിൻവാർ ഒക്ടോബർ ഏഴിന് ശേഷം പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.