വർഷങ്ങൾക്കുശേഷം നടൻ പൃഥ്വിരാജ് സുകുമാരന് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ബ്ലെസി സംവിധാനം ആടുജീവിതം. മികച്ച നടനുള്ള അവാർഡ് പൃഥ്വിരാജിന് ലഭിച്ചെങ്കിലും ഒരു വലിയ വിഭാഗം സിനിമാ പ്രേമികൾക്ക് അതിൽ അതൃപ്തി ഉണ്ട്. ആടുജീവിതം എന്ന സിനിമയ്‌ക്ക് വേണ്ടി പൃഥ്വിരാജ് വളരെയധികം കഷ്ടപ്പെട്ടുവെന്ന് അംഗീകരിക്കുന്നതിനോടൊപ്പം തന്നെ ചിത്രത്തിൽ താരത്തിന്റെ അഭിനയം നാച്ചുറൽ അല്ല എന്നും ജനങ്ങൾ വിമർശിക്കുന്നു. ഇപ്പോഴിതാ, വിമർശകർക്ക് മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് നടി മല്ലികാ സുകുമാരൻ. പൃഥ്വിരാജിനെ വിമർശിക്കുന്നവർ അതുപോലെ ചെയ്തു കാണിക്കട്ടെ എന്നാണ് മല്ലിക സുകുമാരന്റെ പ്രതികരണം.
“ആടുജീവിതം എന്ന സിനിമയ്‌ക്ക് എന്റെ മകൻ പൃഥ്വിരാജിന് ലഭിച്ച അംഗീകാരത്തിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ചിത്രത്തിന് പലതരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാവും. എല്ലാവർക്കും ഒരുപോലെ ചിത്രം ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ വിമർശകർ പറയുന്നത് കേൾക്കുമ്പോൾ അതിൽ ഒരു ആത്മാർത്ഥത ഉണ്ടായിരിക്കണം. മുഖം ഒന്ന് സോഷ്യൽ മീഡിയയിൽ വരാൻ വേണ്ടി നാല് ഡയലോഗ് അടിച്ച് പറയുന്നവർ അവരുടെ സൃഷ്ടിയെ കുറിച്ചുകൂടി ചിന്തിക്കണം. മഹാകാവ്യങ്ങൾ രചിച്ചവരൊന്നുമല്ല ഈ സിനിമയെപ്പറ്റി പറയുന്നത്”.
“സിനിമ ഇറങ്ങി, ലഭിച്ചു. ഇപ്പോഴും ആൾക്കാർ അഭിനന്ദിച്ചു കൊണ്ടിരിക്കുന്നു. ഒരു പ്രൊഫസർ ഇംഗ്ലീഷിൽ ബ്ലെസിയെയും ആടുജീവിതത്തെയും പൃഥ്വിരാജിനെയും പ്രശംസിച്ചിട്ടുണ്ട്. ഒരാൾ ഒരു കഥാപാത്രമായി മാറാൻ കഷ്ടപ്പെടുന്നതും അഭിനയത്തിന്റെ ഭാഗമാണ്. വെറുതെ പത്ത് മുപ്പത്തഞ്ച് കിലോ ശരീരത്തിൽ നിന്ന് കളയാൻ ആർക്കെങ്കിലും ഭ്രാന്ത് ഉണ്ടോ. മുഖത്തിന്റെ രൂപം മാറ്റി, വികൃതമായി, എല്ലും തോലുമായി. അതും അഭിനയത്തിന് വേണ്ടി തന്നെ ചെയ്തതാണ്. എല്ലാവർക്കും അത് സാധിക്കില്ല. ഈ പറഞ്ഞപോലെ പറയുന്നവർ ഒന്ന് അങ്ങനെ ചെയ്തു കാണിക്കട്ടെ. അത് ബുദ്ധിമുട്ടാണ്”-മല്ലികാ സുകുമാരൻ പറഞ്ഞു.















