തൃശൂർ: കയ്പമംഗലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശിയായ 40-കാരൻ അരുൺ ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം അപകടമെന്ന് വരുത്തി ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്.
കൊലപാതകം ഇറിഡിയം ഇടപാടിന്റെ പേരിലെന്ന് പൊലീസ് പറയുന്നു. മൂന്ന് പേർക്കാണ് കൊലപാതകത്തിൽ പങ്കുള്ളതെന്നും പൊലീസ് വ്യക്തമാക്കി. അരുൺ ഐസ് ഫാക്ടറി ഉടമയ്‌ക്ക് 10 ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാനായാണ് പാലിയേക്കര ടോൾ പ്ലാസയ്‌ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. വട്ടണാത്രയിൽ എസ്റ്റേറ്റിനകത്ത് ഇരുവരെയും ബന്ദിയാക്കി മർദ്ദിച്ചു. ഇതിനിടെ അരുൺ മരണത്തിന് കീഴടങ്ങി.
മൃതദേഹം തൃശൂർ കയ്പമംഗലത്തെത്തിച്ച് പ്രതികൾ ആംബുലൻസ് വിളിച്ചുവരുത്തി. മൃതദേഹം കയറ്റി അയച്ചിട്ട് പിന്തുടരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു.