ലക്നൗ: ഭക്ഷണശാലകളുടെ ഉടമസ്ഥരുടെയും നടത്തിപ്പുകാരുടെയും മാനേജർമാരുടെയും പേരുവിവരങ്ങൾ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭക്ഷണശാലകളിൽ വിതരണം ചെയ്യുന്ന ആഹാരസാധനങ്ങളിൽ തുപ്പുകയും മനുഷ്യ വിസർജ്യം കലർത്തുകയും ചെയ്യുന്നവെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് നടപടി.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും സിസിടിവി സ്ഥാപിച്ചിരിക്കണം. പാചകം ചെയ്യുന്നവരും വെയ്റ്റർമാരും നിർബന്ധമായും മാസ്കും കയ്യുറകളും ധരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഭക്ഷണത്തിൽ മനുഷ്യവിസർജ്യം കലർത്തുന്നത് അറപ്പുളവാക്കുന്നതാണെന്നും ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു.
യുപിയിലെ സഹറൻപൂരിൽ റൊട്ടിയുണ്ടാക്കുന്നതിനിടെ മാവിൽ തുപ്പുന്ന യുവാവിന്റെ വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. പൊലീസ് ഇയാളെ പിടികൂടുകയും ഭക്ഷണശാല അടച്ചുപൂട്ടുകയും ചെയ്തു. ജ്യൂസിൽ മനുഷ്യമൂത്രം കലർത്തി വിറ്റയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനുപിന്നാലെയാണ് സംസ്ഥാന സർക്കാർ കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്.















