ബെയ്‌റൂത്ത്: ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനന്റെ തെക്കൻ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഹിസ്ബുള്ള ഭീകരനടക്കം 6 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേൽ ലെബനനിൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 500 ലധികം പേർ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതർ പറഞ്ഞു.
ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ലെബനനിലേക്കും ഇസ്രയേലിലേക്കുമുള്ള പല വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചു. അൾജീരിയ,എയർ ഫ്രാൻസ് ഗൾഫ് എയർലൈൻസ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികളാണ് സർവീസ് നിർത്തിവച്ചിരിക്കുന്നത്. ഇസ്രായേൽ തലസ്ഥാനമായ ടെൽഅവീവിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് എയർ ഇന്ത്യ താത്കാലികമായി നിർത്തിവച്ചത്.















