ന്യൂഡൽഹി: രാമായണത്തിലെ കഥാപാത്രങ്ങളോട് സ്വയം ഉപമിച്ച് ആം ആദ്മി നേതാക്കൾ. പുതിയ മന്ത്രിസഭയിൽ ഇടം കണ്ടെത്തിയ കൈലാഷ് ഗെഹ്‌ലോട്ടാണ് താൻ കെജ്‌രിവാളിന്റെ ഹനുമാനാണെന്ന് സ്വയം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷിയും ജാമ്യത്തിലിറങ്ങിയ മനീഷ് സിസോദിയയും തങ്ങൾ ഭരതനും ലക്ഷ്മണനുമാണെന്ന പ്രസ്താവന നടത്തിയിരുന്നു.
ഗതാഗതം, ഭരണപരിഷ്കാരം, വനിതാ-ശിശു വികസനം എന്നിവയുടെ ചുമതലയാണ് അതിഷി മന്ത്രിസഭയിൽ കൈലാഷ് ഗെഹ്‌ലോട്ടിന് നൽകിയിരിക്കുന്നത്. കെജ്‌രിവാൾ തുടങ്ങിവച്ച ജോലികൾ താൻ പൂർത്തിയാക്കുമെന്ന് ചുമതലയേറ്റശേഷം കൈലാഷ് പറഞ്ഞു.
“ഇന്ന് ചൊവ്വാഴ്ചയാണ്. ഹനുമാൻ ജിയുടെ ദിവസമാണ്. ഞാൻ അരവിന്ദ് കെജ്‌രിവാളിന്റെ ഹനുമാനെപ്പോലെ പ്രവർത്തിക്കും. അദ്ദേഹം തുടങ്ങിവച്ച ജോലികൾ പൂർത്തിയാക്കും. ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ രാമരാജ്യം പുനസ്ഥാപിക്കും,”കൈലാഷ് പറഞ്ഞു.
അതേസമയം രാമായണത്തിലെ കഥാപാത്രങ്ങളെ കൂട്ടുപിടിച്ച ആം ആദ്മി നേതാക്കളുടെ നീക്കത്തിനെതിരെ ബിജെപി രൂക്ഷ വിമർശനമുന്നയിച്ചു. കെജ്‌രിവാൾ ഇരുന്ന മുഖ്യമന്ത്രിക്കസേര ശൂന്യമാക്കിയിട്ട അതിഷിയുടെ പ്രവർത്തി ഭരണഘടനയോടുള്ള അനാദരവാണെന്ന് ബിജെപി ആരോപിച്ചു.