പുതിയ മൊബൈൽ ഫോൺ വാങ്ങിയതിന് ചെലവ് ചെയ്യാതിരുന്ന 16-കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്ന് കുട്ടികളെ പൊലീസ് പിടികൂടി. ഡൽഹിയിലെ ഷകർപൂർ സ്വദേശിയായ 16-കാരനായ സച്ചിനാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. സച്ചിൻ ഫോൺ വാങ്ങി വീട്ടിലേക്ക് മടങ്ങും വഴി ഒരു സമൂസ കടയ്‌ക്ക് സമീപം സുഹൃത്തുക്കളെ കണ്ടുമുട്ടി. പുതിയ ഫോൺ കണ്ട പാടെ ഇവർ ചെലവ് ആവശ്യപ്പെട്ടു. എന്നാൽ സച്ചിൻ ചെലവ് ചെയ്യില്ലെന്ന് പറഞ്ഞു. ഇതിന് പിന്നാലെ വാഗ്ദാവും കൈയേറ്റവുമുണ്ടായി.
ഇതിനിടെ ഒരുത്തൻ കത്തിയെടുത്ത് സച്ചിനെ പിന്നിൽ നിന്ന് കുത്തി വീഴ്‌ത്തി. രണ്ടുതവണയാണ് കുത്തേറ്റത്. പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. ഓടിക്കൂടിയവർ പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് സച്ചിൻ മരിച്ചിരുന്നു.
കൊലപാതക കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച കത്തി ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് നടപടി.