ആലപ്പുഴ: ക്ഷേത്രപ്രാർത്ഥനയിൽ ഗുരുദേവനാമം ചൊല്ലിയ സ്ത്രീകളെ ആർഎസ്എസുകാർ ഭീഷണിപ്പെടുത്തിയെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് എസ്എൻഡിപി ചെങ്ങന്നൂർ താലൂക്ക് യൂണിയൻ. കല്ലിശേരി മഴുക്കീർമേൽ ക്ഷേത്രത്തിൽ നടന്ന നാമജപത്തിൽ ഗുരുദേവഗീതം ആർഎസ്എസ് തടഞ്ഞെന്നാണ് പ്രചരണം.
സിപിഎം മുഖപത്രമായ ദേശാഭിമാനിയും വ്യാജപ്രചരണത്തെ പിന്തുണച്ചിരുന്നു. എന്നാൽ ആർഎസ്എസിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് എസ്എൻഡിപി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വർ വ്യക്തമാക്കി. ക്ഷേത്രത്തിൽ ഗുരുദേവകീർത്തനങ്ങൾ ആലപിക്കുന്നതിന് എതിർപ്പുകളൊന്നുമില്ലെന്ന് ക്ഷേത്രോപദേശക സമിതിയും അറിയിച്ചു.
ക്ഷേത്രത്തിലെ സന്ധ്യാപ്രാർത്ഥനയിൽ ‘സദ്ഗുരുവേ’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് സ്ത്രീകളെ ആർഎസ്എസ് ഭീഷണിപ്പെടുത്തിയെന്ന തരത്തിലാണ് ദേശാഭിമാനി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ വ്യാജവാർത്ത നൽകിയത്. ക്ഷേത്രത്തിൽ നിന്ന് സ്ത്രീകളോട് ഇറങ്ങി പോകാൻ ഭീഷണിപ്പെടുത്തിയതായും നടപടി ചോദ്യംചെയ്ത എസ്എൻഡിപി ഉമയാറ്റുകര പഞ്ചായത്ത് കമ്മിറ്റിയംഗം ദേവരാജനെയും ആർഎസ്എസുകാർ ഭീഷണിപ്പെടുത്തിയെന്നുമാണ് വ്യാജവാർത്ത.
ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കൊപ്പം നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആർഎസ്എസും വിവിധ ക്ഷേത്ര സംഘടനകളും. ആർഎസ്എസിനെതിരായ വ്യാജവാർത്തയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന് ഹൈന്ദവ സംഘടനകൾ പറഞ്ഞു.















