ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച് ബിജെപിയുടെ സഖ്യകക്ഷികൾ. പ്രധാനമന്ത്രിയേയും അദ്ദേഹം നടത്തിയ ത്രിദിന യുഎസ് സന്ദർശനത്തെയും പ്രശംസിച്ചാണ് നേതാക്കൾ രംഗത്തെത്തിയത്. ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞുവെന്നും, അദ്ദേഹത്തെ പോലെയാരു രാഷ്‌ട്രതന്ത്രജ്ഞനോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നു എന്നത് വലിയ അഭിമാനമായി കരുതുന്നുവെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. പല രാജ്യങ്ങളേയും ഒരുമിപ്പിച്ചു കൊണ്ട് അദ്ദേഹം ലോകനേതാവായി ഉയർന്നു വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ഇന്ത്യയുടെ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകർന്നുവെന്നും, ഭാവിയിലേക്ക് ഇത് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്നും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അദ്ധ്യക്ഷനുമായ നിതീഷ് കുമാർ പറഞ്ഞു. ലോകനേതാക്കളും യുഎസിലെ ഇന്ത്യൻ സമൂഹവും അദ്ദേഹത്തിന് നൽകിയ സ്വീകരണം അദ്ദേഹത്തിന്റെ സ്വീകാര്യതയെ തെളിയിക്കുന്നതാണെന്നും നിതീഷ് കുമാർ പറയുന്നു.
പ്രധാനമന്ത്രി എപ്രകാരമാണ് ഒരു ആഗോള രാഷ്‌ട്രതന്ത്രജ്ഞനായതെന്നും പ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ മികവ് എത്രത്തോളമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ യാത്ര എന്നുമായിരുന്നു ശിവസേനാ നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ കുറിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളിലെ സന്ദർഷശനമാണ് അദ്ദേഹം യുഎസിൽ നടത്തിയത്. എങ്കിൽ പോലും ഈ സമയത്തിനുള്ളിൽ അദ്ദേഹം പരമാവധി മേഖലകൾ കൈകാര്യം ചെയ്തു. ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള യാത്രയെ ഇത് ശക്തിപ്പെടുത്തുമെന്നും ഏകനാഥ് ഷിൻഡെ പറയുന്നു.
” നമ്മുടെ പ്രധാനമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നത് ഇന്ത്യക്കാരനെന്ന നിലയിൽ വലിയ അഭിമാനം നൽകുന്ന കാര്യമാണ്. ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ തീർച്ചയായും മഹാരാഷ്‌ട്രയ്‌ക്കും ഗുണം ചെയ്യും. ടെക്, ബിസിനസ് സിഇഒമാരുമായുള്ള കൂടിക്കാഴ്ചയും രാജ്യപുരോഗതിക്ക് മുതൽക്കൂട്ടാകും. യുഎസിൽ നിന്ന് 300ഓളം പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നു എന്നതാണ് സന്തോഷം നൽകുന്ന മറ്റൊരു കാര്യം. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവുമായി ഒരു നേതാവ് ബന്ധപ്പെടുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി അത് ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും” ഷിൻഡെ വ്യക്തമാക്കി.















