ന്യൂയോർക്ക്: ഇന്ത്യ-യുഎസ് ബന്ധം ശക്തവും ദൃഢവുമാണെന്നും, പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലയളവിൽ ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ വളരെ അധികം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും, ഇത് അഭിമാനമേകുന്ന കാര്യമാണെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡൈ്വസർ ജോൺ കിർബി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബൈഡന്റെയും കീഴിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം എപ്രകാരമായിരുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ബൈഡൻ വളരെ അധികം പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിച്ചു. പ്രതിരോധ ബന്ധം ശക്തിപ്പെടുത്തി. ഇന്തോ-പസഫിക് മേഖലയിലെ പ്രശ്‌നങ്ങളെ ചർച്ചയിലേക്ക് കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ബൈഡനും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളിലൊന്നിന്റെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് പദവിയിലിരുന്ന സമയത്തേക്ക് തിരിഞ്ഞുനോക്കുമ്പാൾ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനായി എന്നത് അദ്ദേഹത്തിന് അഭിമാനം നൽകുന്ന കാര്യമാണെന്നാണ് ഞാൻ കരുതുന്നത്. ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്. പരസ്പരമുള്ള സഹകരണം പല മേഖലകളിലേക്ക് വ്യാപിപ്പിക്കാനായെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും” ജോൺ കിർബി പറയുന്നു. ഇന്തോ-പസഫിക്കിന്റെ വികസനത്തിൽ വലിയ സംഭാവന നൽകുന്ന പങ്കാളിയാണ് ഇന്ത്യയെന്ന് ജോ ബൈഡനും പ്രശംസിച്ചിരുന്നു.















