സൗദി അറേബ്യ: തീർത്ഥാടനത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്കെത്തുന്ന പാകിസ്താൻ യാചകരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കണക്കുകൾ. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടം പാകിസ്താന് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ പാകിസ്താൻ ഉദാസീനമായ മനോഭാവമാണ് പുലർത്തുന്നതെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും സൗദി ഭരണകൂടം താക്കീത് നൽകി.
ഉംറ, ഹജ്ജ് തീർത്ഥാടന കേന്ദ്രങ്ങളുടെ മറവിലാണ് പാകിസ്താനിൽ നിന്നും യാചകർ സൗദിയിലെത്തുന്നത്. ഉംറ വിസയിലെത്തുന്ന പാകിസ്താൻ യാചകർ പിന്നീട് അധികൃതരുടെ കണ്ണുവെട്ടിച്ച് ഭിക്ഷാടനം നടത്തി വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ പാക്കിസ്താനി ഉംറ, ഹജ്ജ് തീർത്ഥാടകരെ പ്രതികൂലമായി ബാധിക്കുമെന്നും സൗദി അധികൃതർ അറിയിച്ചു.
ഉംറ യാത്രകൾ സുഗമമാക്കുന്നതിനും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതിനുമായി ‘ഉംറ ആക്ട്’ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് പാകിസ്താൻ മതകാര്യ മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജ് നടത്തുന്നതിനെതിരെ കഴിഞ്ഞ മെയ് മാസത്തിൽ ഹത്‌വ നിയമം സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു. ഇത് ലംഘിക്കുന്നവർക്ക് ഏകദേശം 10,000 റിയാൽ ( 2.22 ലക്ഷം രൂപ)പിഴയും നാടുകടത്തലും ശിക്ഷയായി നൽകുമെന്നും ഉത്തരവ് ഇറക്കിയിരുന്നു.