ന്യൂയോർക്ക്: ഇറാനിൽ നിന്നും വധഭീഷണിയുണ്ടെന്ന യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പിൽ പ്രതികരിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. തന്റെ ജീവന് വലിയ ഭീഷണി ഉണ്ടെന്നും, മുൻപ് ഒരിക്കലും ഇല്ലാത്ത വിധത്തിൽ ആളുകൾ തോക്കുമായി തന്റെ ചുറ്റിലും നിൽക്കുകയാണെന്നും ട്രംപ് പറയുന്നു. യുഎസ് പ്രസിഡന്റ് മത്സരത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം രണ്ട് വട്ടം ട്രംപിന് നേരെ കൊലപാതക ശ്രമങ്ങൾ നടന്നിരുന്നു.
” എന്റെ ജീവന് ഇപ്പോൾ ഇറാനിൽ നിന്നും ഭീഷണി ഉയർന്നിരിക്കുകയാണ്. മുഴുവൻ യുഎസ് സൈന്യവും ഈ വിഷയത്തെ നിരീക്ഷിക്കുകയാണ്. കാരണം ഇറാനിൽ നിന്നും ഇതിനോടകം നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്നാലൊന്നും നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അവർ ഇനിയും ശ്രമങ്ങൾ തുടരും. ഇത് ആർക്കും നല്ലതിനല്ല. ഇന്നിപ്പോൾ ഞാൻ കൂടുതൽ ആളുകളാലും തോക്കുകളാലും ആയുധങ്ങളാലും ചുറ്റപ്പെട്ടിരിക്കുകയാണ്. മുൻപൊരിക്കലും ഇതുപോലെ കണ്ടിട്ടില്ലെന്നും” ട്രംപ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
അതേസമയം തനിക്കുള്ള സീക്രട്ട് സർവീസിന് വേണ്ടി എതിർപ്പുകളില്ലാതെ കൂടുതൽ തുക അനുവദിച്ചതിന് യുഎസ് കോൺഗ്രസിന് നന്ദി അറിയിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ” യുഎസ് കോൺഗ്രസിന് ഞാൻ നന്ദി അറിയിക്കുകയാണ്. സീക്രട്ട് സർവീസിന് എതിരായി ഒരു വോട്ട് പോലും ഉണ്ടായില്ല. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഏതെങ്കിലും ഒരു വിഷയത്തിൽ ഒരുമിച്ച് നിന്ന് കാണുന്നതിൽ സന്തോഷമുണ്ടെന്നും” ട്രംപ് പറയുന്നു.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും, ഭീഷണിയെ സംബന്ധിച്ച് ട്രംപിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കുന്ന സ്റ്റീവൻ ച്യുങ് അറിയിച്ചിരുന്നു. അത്തരം ശ്രമങ്ങൾ ഉണ്ടായാൽ ഇറാനെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അമേരിക്കയിലുള്ളവർ ധൈര്യമില്ലാത്ത ഭീരുക്കളായി മുദ്രകുത്തപ്പെടുമെന്നും ട്രംപ്, ട്രൂത്ത് സോഷ്യലിൽ കുറിച്ചു.















