സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും തീരാ വേദനകളിൽ ഒന്നാണ് ആദ്യ മകൾ ലക്ഷ്മിയുടെ മരണം. ഒന്നര മാസം പ്രായമുള്ളപ്പോൾ കാർ അപകടത്തിലാണ് ലക്ഷ്മി മരിക്കുന്നത്. ഈ ഒരു നഷ്ടം തന്റെ കുടുംബത്തെ എത്രമാത്രം തളർത്തിയെന്ന് പറയുകയാണ് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. കാർ അപകടത്തിൽ അമ്മ രാധികയ്‌ക്കും ഗുരുതരമായ പരിക്ക് ഉണ്ടായിട്ടുണ്ടെന്ന് മാധവ് വെളിപ്പെടുത്തി.
“അതൊരു കാർ അപകടമായിരുന്നു. മരിക്കുമ്പോൾ ചേച്ചിക്ക് രണ്ട് വയസ്സ് തികഞ്ഞിട്ടില്ല. ഒന്നര വയസ്സായിരുന്നു ചേച്ചിക്ക്. കാറിൽ അമ്മയും അച്ഛന്റെ സഹോദരനും ഉണ്ടായിരുന്നു. അപകടത്തിൽ അമ്മയ്‌ക്കും സീരിയസായ പരിക്ക് പറ്റിയിരുന്നു. അമ്മയുടെ തുടയെല്ലിന് ഗുരുതര പരിക്കുണ്ടായി. അതിനകത്തുള്ള ഫ്ലൂയിഡ് സ്പ്രെഡായി ഷോക്കിലേക്ക് പോയി”.
“കുറെനാൾ ഗുരുതരമായി അമ്മ ചികിത്സയിലായിരുന്നു. അതുകൊണ്ട് ഇപ്പോഴും അമ്മയുടെ മുട്ട് ഭയങ്കര പ്രശ്നമായി ഇരിക്കുകയാണ്. ഇനിയുള്ള ചികിത്സയെ പറ്റി നോക്കണം. അന്നത്തെ അപകടത്തിൽ ഉണ്ടായ പരിക്ക് മൂലം ഇന്നും അനുഭവിക്കുകയാണ് അമ്മ. അച്ഛനും അമ്മയ്‌ക്കും ഉണ്ടായ മാനസികമായ ആഘാതത്തോടൊപ്പം അമ്മയ്‌ക്ക് ശാരീരികമായ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കൊല്ലത്തെ അച്ഛന്റെ വീടിന്റെ അടുത്ത് വച്ചായിരുന്നു അപകടം. ഞങ്ങൾ ചേച്ചിയെ കണ്ടിട്ടില്ല. എന്നിട്ടും ഞങ്ങൾക്ക് ഇത്രയും വിഷമം ഉണ്ടാകുന്നുണ്ടെങ്കിൽ അമ്മയും അച്ഛനും എത്രമാത്രം വിഷമിച്ചിരുന്നുവെന്ന് ചിന്തിക്കാവുന്നതേയുള്ളൂ”-മാധവ് സുരേഷ് പറഞ്ഞു.















