പരിശുദ്ധമായ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയാറുണ്ട്. അമിതമായി നെയ്യ് കഴിച്ചാൽ ശരീരഭാരം കൂടുമെന്നതിനാൽ ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ പൊതുവെ നെയ്യ് കഴിക്കാറില്ല. എന്നാൽ ദിവസവും നെയ്യ് കഴിക്കുന്നത് നല്ലതാണെന്നും കൃത്യമായ അളവിൽ കഴിച്ചാൽ ശരീരഭാരം കുറയ്‌ക്കാനാണ് നെയ്യ് സഹായിക്കുകയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദിവസവും ഒരു ടേബിൾസ്പൂൺ നെയ്യ് കഴിക്കണമെന്നാണ് പറയപ്പെടുന്നത്. കാരണം നെയ്യിൽ വേണ്ടുവോളം ഫാറ്റി ആസിഡുകളുണ്ട്. ഇത് കരൾ നേരിട്ട് വലിച്ചെടുക്കുന്നു. ഇതുവഴി മെറ്റബോളിസം വർദ്ധിക്കുകയും ശരീരത്തിലെ കൊഴുപ്പിനെ കരിയിച്ചുകളയാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.
നെയ്യിൽ ബുട്ടിറേറ്റ് ഉണ്ട്. ഇത് ഒരുതരം ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡാണ്. കുടലിലെ മൈക്രോ ബാക്ടീരിയകളാണ് ഇത് പൊതുവെ വികസിപ്പിക്കുന്നത്. എന്നാൽ നെയ്യ്, വെണ്ണ, ചീസ് എന്നിവയിൽ ഇത് അടങ്ങിയിരിക്കുന്നു. ആരോഗ്യമുള്ള കുടലുകൾക്ക് ബുട്ടിറേറ്റ് നല്ലതാണ്. ദഹനപ്രക്രിയ മികച്ചതാക്കാനും ബുട്ടിറേറ്റ് ഗുണം ചെയ്യും.
ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനും നെയ്യ് സഹായിക്കും. ഭക്ഷണത്തിനൊപ്പം ചെറിയൊരു അളവിൽ നെയ്യ് ചേർത്ത് കഴിച്ചാൽ വയർ പെട്ടെന്ന് നിറയുന്നു. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്‌ക്കാൻ ഇത് സഹായിക്കും. ശരീരത്തിലേക്ക് എത്തുന്ന കലോറി കുറയ്‌ക്കാനും ഇതുവഴി സാധിക്കും.















