കൊച്ചി: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍റെ മൃതദേഹ ഭാഗങ്ങളും ലോറിയും ഗംഗാവാലി പുഴയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ അർജുന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു താരത്തിന്റെ അനുശോചനം.
72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും കാത്തിരുന്നുവെന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്ന അർജുന് ആദരാഞ്ജലികൾ നേരുന്നതായും മമ്മൂട്ടി പറഞ്ഞു.
“72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും…ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു..ആദരാഞ്ജലികൾ അർജുൻ”—ഇതായിരുന്നു കുറിപ്പ്. നേരത്തെ മഞ്ജു വാര്യരും മോഹൻലാലും അടക്കമുള്ളവർ അർജുനെ കണ്ടെത്തിയതിന് പിന്നാലെ പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവച്ചായിരുന്നു പ്രതികരണം. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.