ബെംഗളൂരുവിൽ യുവതിയെ കൊന്ന് 59 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയി ഒഡിഷയിൽ മരിച്ച നിലയിൽ. ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് ഇയാൾ കെട്ടിത്തൂങ്ങിയതെന്നാണ് വിവരം. പൊലീസ് ഇയാളെ പിന്തുടർന്ന് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മഹാലക്ഷ്മിയുടെ സഹപ്രവർത്തകനായിരുന്നു പ്രതി. മല്ലേശ്വരം മാളിലെ ഫാഷൻ സ്റ്റോറിലെ ടീം ലീഡറായിരുന്ന പ്രതിയുമായി പ്രണയത്തിലായിരുന്നു മഹാലക്ഷ്മി.
വിവാഹേതര ബന്ധം അവസാനിപ്പിച്ചതിലുള്ള പകയാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ പ്രതിയുടെ മരണം പല ചോദ്യങ്ങളുമാണ് അവശേഷിപ്പിക്കുന്നത്. കേസിന് ഒരു നാടകീയ അന്ത്യമാണ് ഇതോടെ ഉണ്ടായത്.
മഹാലക്ഷ്മിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു പ്രതി ബെംഗളൂരുവിൽ നിന്ന് ബംഗാളിലേക്ക് കടക്കുകയായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം റോയ് ഒളിവിൽ പോകുന്നതിന് മുമ്പ് സഹോദരനുമായി ബന്ധപ്പെട്ടിരുന്നു. ഫോൺ പോലും ഉപയോഗിക്കാതിരിക്കാൻ നോക്കിയ പ്രതി പൊലീസ് പിറകെയുണ്ടെന്ന് മനസിലാക്കി, നാടായ ഒഡിഷയിലേക്ക് കടന്നു. കഴിഞ്ഞ ദിവസം ഇയാൾ സ്കൂട്ടറുമായുമായി പുറത്തുപോകുന്നത് ദൃക്സാക്ഷികൾ കണ്ടിരുന്നു. സ്കൂട്ടറിൽ നിന്ന് ലാപ്ടോപ്പും പൊലീസിന് ലഭിച്ചു.
ബെംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്.ഇവർ താമസിക്കുന്ന ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ വിളിച്ച് അറിയിച്ചതോടെയാണ് ക്രൂര കൊലപാതകം പുറം ലോകം അറിയുന്നത്.