ന്യൂയോർക്ക്: യുഎസ് വൈറ്റ് ഹൗസ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ തന്നെ ആക്രമിച്ചതിൽ ഇസ്ലാമിക് റിപ്പബ്ലിക് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇറാനെ തകർത്തെറിയുമെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ട്രംപിന് ഇറാനിൽ നിന്ന് വധഭീഷണി ഉണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പരാമർശം. നോർത്ത് കരോലിനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് ഇറാനെതിരെ വിമർശനം ഉയർത്തിയത്.
” എല്ലാവർക്കും അറിയാവുന്നത് പോലെ രണ്ട് കൊലപാതകശ്രമങ്ങൾ അടുത്തിടെ എനിക്ക് നേരിടേണ്ടി വന്നു. അതിൽ അവർ ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം ചിലപ്പോൾ ഇല്ലായിരിക്കാം. എങ്കിലും ഇറാന് ഇതിൽ പങ്കുണ്ടാകാനാണ് സാധ്യത. ഒരുപക്ഷേ ഞാൻ ആയിരുന്നു പ്രസിഡന്റ് എങ്കിൽ ഭീഷണി മുഴക്കുന്ന രാജ്യത്തെ ഒരു കാര്യം അറിയിക്കും. ഇവിടെ അത് ഇറാൻ ആണ്. നിങ്ങൾ ആ വ്യക്തിയെ ഉപദ്രവിക്കുന്നതിനായി എന്തെങ്കിലും ചെയ്താൽ അവരുടെ രാജ്യത്തെ പ്രധാന നഗരങ്ങളെ എല്ലാം തകർത്തെറിയുമെന്ന് അവരോട് പറയുന്നു.
ഇറാനിൽ നിന്ന് നേരിട്ടാണ് ഭീഷണി ലഭിച്ചത്. ഒരു അമേരിക്കൻ പ്രസിഡന്റിനെയോ പ്രസിഡന്റ് സ്ഥാനാർത്ഥിയേയോ കൊല്ലാനോ ദ്രോഹിക്കാനോ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന സന്ദേശം അവർക്ക് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇറാനിൽ നിന്ന് ഇത്തരത്തിൽ സന്ദേശം ലഭിച്ചിട്ടും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഈ ആഴ്ച ന്യൂയോർക്കിൽ ഉണ്ടായിരുന്നുവെന്നത് വിചിത്രമായി തോന്നുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
” ഈ രാജ്യത്തെത്തിയ ഇറാൻ നേതാവിന് സംരക്ഷണം ഒരുക്കാൻ നമ്മുടെ സുരക്ഷാ സേനകളുണ്ട്. എന്നിട്ടും അവർ നമ്മുടെ മുൻ പ്രസിഡന്റ് കൂടിയായ ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തുകയാണെന്നും” ട്രംപ് സ്വയം വിശേഷിപ്പിച്ച് കൊണ്ട് പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ നിയമങ്ങൾ അനുസരിച്ച് യുഎൻ പൊതുസഭയിൽ പങ്കെടുക്കാനെത്തുന്ന വിദേശ രാഷ്‌ട്ര തലവന്മാർക്ക് സുരക്ഷ ഒരുക്കേണ്ടത് അമേരിക്കയുടെ കടമയാണ്.















