കാൺപൂരിൽ നിർമിച്ച മീഡിയം മെഷീൻ ഗണ്ണുകൾ (MMG) യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഒറ്റ മിനിറ്റിൽ ആയിരം റൗണ്ടുകൾ വെടിവയുതിർക്കാൻ സാധിക്കുന്ന മെഷീൻ ഗൺ ആണിത്. യുപിയിലെ കാൺപൂരിലുള്ള സ്മോൾ ആംസ് ഫാക്ടറി (SAF) ആണ് ഇവ നിർമിച്ചത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നിർമാണ യൂണിറ്റാണിത്. അടുത്ത മൂന്ന് വർഷത്തിനകം രണ്ടായിരം MMGകൾ കയറ്റുമതി ചെയ്യാനുള്ള കരാറിലാണ് കമ്പനി ഒപ്പുവച്ചിരിക്കുന്നത്.
ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ നിർണായ സ്വാധീനം ചെലുത്തുന്ന മെഗാ കരാർ ആണിതെന്ന് SAF അധികൃതർ പ്രതികരിച്ചു. യൂറോപ്യൻ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ഇന്ത്യക്ക് അവസരമൊരുക്കുന്ന കരാർ, കഴിഞ്ഞ ഡിസംബറിലാണ് യൂറോപ്യൻ കമ്പനികളിൽ നിന്ന് ലഭിച്ചത്. കരാർ പ്രകാരം ഉപഭോക്താവ് ആവശ്യപ്പെട്ട പരിഷ്കരണങ്ങൾ തോക്കുകളിൽ വരുത്തിയിട്ടുണ്ട്. കരാർ ഒപ്പിട്ട രാജ്യത്തിന്റെയോ കമ്പനിയുടേയോ പേര് വെളിപ്പെടുത്താത്തത് സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണെന്നും SAF ജനറൽ മാനേജർ സുരേന്ദ്ര പാട്ടീൽ യാദവ് പ്രതികരിച്ചു.
SAF നിർമിച്ച മെഷീൻ ഗണ്ണുകൾക്ക് അനവധി സവിശേഷതകളാണുള്ളത്. വാഹനങ്ങൾ, ടാങ്കുകൾ, എയർക്രാഫ്റ്റുകൾ, ബോട്ടുകൾ, കപ്പലുകൾ എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉപയോഗിക്കാൻ കഴിയുന്ന മെഷീൻ ഗൺ ആയതിനാലാണ് യൂറോപ്യൻ ഉപഭോക്താക്കൾ ആകൃഷ്ടരായതെന്ന് കമ്പനി അറിയിച്ചു. 11 കിലോ തൂക്കമാണ് ഈ ഗണ്ണിനുള്ളത്. ട്രൈപോഡ് മൗണ്ടിൽ വച്ച് വെടിയുതിർക്കാം. പൂർണമായും ഓട്ടോമാറ്റിക് ആണിത്. വേണമെങ്കിൽ ബൈപോഡിൽ വച്ചും ഈ മെഷീൻ ഗൺ ഉപയോഗിക്കാം. അടിയന്തര സാഹചര്യങ്ങളിൽ തോളിൽ വച്ചും അരയിൽ വച്ചും വെടിയുതിർക്കാൻ കഴിയും.