മലപ്പുറം: പരസ്യപ്രസ്താവന ഇനി പാടില്ലെന്ന പാർട്ടി താക്കീത് കാറ്റൽപ്പറത്തി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു അൻവർ വാർത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രിയെ അങ്കിൾ എന്നാണ് എഡിജിപി വിളിക്കുന്നതെന്നും ഈ ബന്ധവും അടുപ്പവും എങ്ങനെയുണ്ടായെന്നും അൻവർ ചോദിച്ചു. എഡിജിപി എഴുതിക്കൊടുത്ത വാറോലയാണ് മുഖ്യമന്ത്രി വായിക്കുന്നതെന്നും എംഎൽഎ വിമർശിച്ചു.
പിണറായി എന്ന സൂര്യൻ കെട്ടുപോയെന്ന് അൻവർ പറഞ്ഞു. കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു മുഖ്യമന്ത്രി. ആ സൂര്യൻ കെട്ടു. മുഖ്യമന്ത്രി തന്നെ ചതിച്ചു. ആ മനുഷ്യൻ എങ്ങനെയൊക്കെ എന്നെ ചതിച്ചുവെന്ന് ആളുകൾ മനസിലാക്കണം. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായി. എഡിജിപിയും ശശിയും എസ്പി സുജിത് ദാസുമായി ചേർന്ന് തട്ടിയ സ്വർണത്തിന്റെ കണക്ക് അന്വേഷിക്കണം. കാട്ടുകള്ളനാണ് പി. ശശി. ഈ സർക്കാർ രക്ഷപ്പെടാൻ ആ കള്ളൻ പുറത്തുചാടണം. പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് എന്തുമാകാം, അഴിമതി നടത്താം.. പ്രവർത്തകരെ മിണ്ടാൻ അനുവദിക്കില്ല- അൻവർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അൻവർ, സ്വർണക്കടത്തിൽ അന്വേഷണം നടത്താൻ സിറ്റിംഗ് ജഡ്ജിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് പിടികൂടുന്ന സ്വർണത്തിന്റെ പകുതി പോലും കസ്റ്റംസിലേക്ക് പോകുന്നില്ല. സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ കഴിയുമോ? – അൻവർ ചോദിച്ചു.















