മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടിക്കെതിരെയും അതിരൂക്ഷ വിമർശനങ്ങളുയർത്തി നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച് ഭരണകക്ഷി എംഎൽഎ പിവി അൻവർ. അവസാന സിപിഎം മുഖ്യമന്ത്രിയാകും പിണറായി എന്നും ആഭ്യന്തര വകുപ്പിൽ തുടരാൻ ഒരുനിമിഷം പോലും അർഹതയില്ലെന്നും പിവി അൻവർ എംഎൽഎ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെ വാക്കുകൾ കൊണ്ട് മലർത്തിയടിച്ച് ചവിട്ടികൂട്ടിയതിന് തുല്യമായിരുന്നു അൻവർ എംഎൽഎയുടെ വാക്കുകൾ. പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും സിപിഎമ്മിന്റെ അന്തകനാണ് പിണറായി എന്നും അൻവർ ആരോപിച്ചു.
ഇനി സിപിഎമ്മിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ച അൻവർ താൻ സഖാവായി തുടരുമെന്ന് കൂട്ടിച്ചേർത്തു. ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ ഇനി പങ്കെടുക്കില്ലെന്നും അൻവർ പ്രഖ്യാപിച്ചു. ഞായറാഴ്ച നിലമ്പൂരിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ഭാവി പരിപാടികളെക്കുറിച്ച് പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് അൻവറിന്റെ വാക്കുകൾ.
മുഖ്യമന്ത്രിയുടെ കഴിവില്ലായ്മയും ചതിയും കുടുംബത്തെ വളർത്താൻ മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകളെക്കുറിച്ചെല്ലാം അൻവർ ശക്തമായി ആരോപിച്ചു. പി.ശശിക്കെതിരെ വാളോങ്ങിയ അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കാട്ടുകള്ളനാണെന്നും സ്വർണം മുക്കിയതിൽ പങ്കുണ്ടെന്നും ആരോപിച്ചു.















