ബെംഗളൂരുവിൽ യുവതിയെ കൊന്ന് 59 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയിയുടെ ആത്മഹത്യ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ പുറത്തുവന്നു. വിവാഹക്കാര്യം പറഞ്ഞുള്ള വാഗ്വാദങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. ആത്മഹത്യാ കുറിപ്പിന്റെ തുടക്കത്തിൽ ഞാൻ അത് ചെയ്തു എന്നാണ് എഴുതിയിരിക്കുന്നത്. മഹാലക്ഷ്മിയുടെ അക്രമാസക്തമായ പെരുമാറ്റവും വാഗ്വാദങ്ങളുമാണ് കൊലയിലേക്ക് നയിച്ചത്.
അവൾ എന്നെ അക്രമിച്ചു. അതെന്ന ദേഷ്യംപിടിച്ചു. അവളെ ഞാൻ അടിച്ചു കൊന്നു. നിരവധി കഷ്ണങ്ങളായി വെട്ടിമുറിച്ചു—-മുക്തി രഞ്ജൻ റോയി ആത്മഹത്യാ കുറിപ്പിൽ വിവരിച്ചിരുന്നു. മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച ബാഗിൽ നിന്നാണ് പൊലീസിന് കുറിപ്പ് കണ്ടെടുത്തത്. ഫോറൻസിക് സംഘം ഇത് പ്രതിയുടേതാണോ എന്ന് ഉറപ്പിക്കാനുള്ള പരിശോധനയിലാണ്.
സെപ്റ്റംബർ രണ്ടിന് മഹാലക്ഷ്മി വീക്കിലി ഓഫെടുത്ത് വീട്ടിലായിരുന്നു. എല്ലാ ദിവസത്തെയും പോലെ മുക്തി രഞ്ജൻ അവരെ കാണാനെത്തി. മുക്തി രഞ്ജനെ വിവാഹം കഴിക്കാൻ മഹാലക്ഷ്മി നിർബന്ധിച്ചിരുന്നതായാണ് വിവരം. വാഗ്വാദം പിന്നീട് അടിപിടിലേക്ക് കടന്നു. മഹാലക്ഷ്മി പ്രതിയെ അക്രമിച്ചു. അടിക്കുകയും കടിക്കുകയും ചെയ്തു. ഇതോടെ പ്രതി തിരിച്ചടിച്ചു. യുവതി കൊല്ലപ്പെട്ടു. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു.
ഈ ഫെബ്രുവരിയിൽ മഹാലക്ഷ്മിയുടെ മുൻ ഭർത്താവ് ഇവർക്കെതിരെ ഒരു പരാതി നൽകിയിരുന്നു. പണം നൽകാതിരുന്നതോടെ തന്നെ അക്രമിച്ചെന്നായിരുന്നു. പരാതി. ഹേമന്ദ് ഗാർഹിക പീഡനം ആരോപിക്കുകയും ഭാര്യ കൈ കടിച്ചുമുറിച്ചെന്ന് പറയുകയും ചെയ്തിരുന്നു. നേരത്തെ മഹാലക്ഷ്മിക്ക് അഷ്റഫ് എന്നൊരാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. എന്നാൽ ഒരുവർഷം മുൻപ് ഇവർ വേർപിരിഞ്ഞുവെന്നും പാെലീസ് പറഞ്ഞു.
ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് പ്രതി കെട്ടിത്തൂങ്ങി മരിച്ചത്. മഹാലക്ഷ്മിയുടെ സഹപ്രവർത്തകനായിരുന്നു പ്രതി. മല്ലേശ്വരം മാളിലെ ഫാഷൻ സ്റ്റോറിലെ ടീം ലീഡറായിരുന്ന പ്രതിയുമായി പ്രണയത്തിലായിരുന്നു മഹാലക്ഷ്മി.ബെംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്.ഇവർ താമസിക്കുന്ന ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ വിളിച്ച് അറിയിച്ചതോടെയാണ് ക്രൂര കൊലപാതകം പുറം ലോകം അറിയുന്നത്.