സുരേഷ് ഗോപി ശോഭനയോടൊപ്പം അഭിനയിക്കുന്നത് കാണാനാണ്
തനിക്ക് ഏറ്റവും ഇഷ്ടമെന്ന് മകൻ മാധവ് സുരേഷ്. നകുലൻ- ഗംഗ ജോഡി തനിക്ക് പ്രിയപ്പെട്ടതാണെന്നും ഏറ്റവും ആരാധന തോന്നിയിട്ടുള്ള നടിയാണ് ശോഭനയെന്നും മാധവ് സുരേഷ് പറഞ്ഞു. പുതിയ ചിത്രമായ കുമ്മാട്ടിക്കളിയുടെ പ്രെമോഷന്റെ ഭാഗമായി സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാധവിന്റെ പ്രതികരണം.
അച്ഛനോടൊപ്പം ആര് അഭിനയിക്കുന്നത് കാണാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് അത് ആലോചിക്കേണ്ട കാര്യം പോലുമില്ലന്നായിരുന്നു മാധവിന്റെ മറുപടി.”അച്ഛനൊപ്പം ശോഭന മാം അഭിനയിച്ച ഗംഗ എന്ന കഥാപാത്രത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ശോഭന മാമിനെപോലെ ഒരു അഭിനേത്രിയെ മണിച്ചിത്രത്താഴിന് ശേഷം പിന്നീട് മലയാള സിനിമയിൽ കണ്ടിട്ടില്ല. കെപിഎസ് സി ലളിതാമ്മ, കവിയൂർ പൊന്നമ്മ ഇവരൊക്കെ മോശമാണെന്നല്ല പറയുന്നത്. പല കഥാപാത്രങ്ങളും പല രീതിയിൽ അഭിനയിക്കുന്നതിൽ ശോഭനയല്ലാതെ മറ്റൊരു നടിയെ ആലോചിക്കാൻ പോലും സാധിക്കില്ല. അച്ഛന്റെ നായികയായി പല സിനിമയിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ഇഷ്ടം തോന്നിയിട്ടുള്ള നടിയാണ് ശോഭന”.
അച്ഛൻ ചെയ്ത സിനിമയിലെ ഏത് കഥാപാത്രം ചെയ്യാനാണ് താത്പര്യമെന്ന് എന്നോട് ചോദിച്ചാൽ അത് ലേലം ആയിരിക്കും. ആക്ഷൻസും വൈകാരികതയും സന്തോഷവും എല്ലാ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിനിമയാണത്. ഭാവിയിലായാലും അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ എന്നെ വിളിക്കുകയാണെങ്കിൽ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും മാധവ് സുരേഷ് പറഞ്ഞു.















