മുംബൈ: ഭർത്താവിന്റെ വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യക്ക് നേരെ ആസിഡ് ആക്രമണം. മുംബൈയിലെ മലാദിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
27-കാരിക്കാണ് പൊള്ളലേറ്റത്. 34-കാരനായ യുവാവ് ഭാര്യവീട്ടിലെത്തി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. മുഖത്തും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
2019-ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി അമ്മയോടൊപ്പമാണ് യുവതിയുടെ താമസം. ഭർത്താവിന്റെ വിവാഹേതര ബന്ധം കണ്ടെത്തയതിന് പിന്നാലെ വീട് വിട്ടിറങ്ങിയ യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഭർത്താവ് ജോലിക്ക് പോകാതിരിക്കുന്നതും ലഹരിക്ക് അടിമയായി ജീവിക്കുന്നതും വളരെയധികം പ്രതിസന്ധിയിലാക്കിയെന്നും യുവതി പറയുന്നു.
27-കാരിയുടെ പരാതിപ്രകാരം ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.















