ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുഎൻ ജനറൽ അസംബ്ലിയിലാണ് കെയർ സ്റ്റാർമർ ഈ ആവശ്യം ഉന്നയിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇതേ ആവശ്യം യുഎൻ ജനറൽ അസംബ്ലിയിൽ ഉന്നയിച്ചിരുന്നു.
മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്ന കൂടുതൽ പ്രാതിനിധ്യമുള്ള ഇടമായി സുരക്ഷാ കൗൺസിൽ മാറണമെന്നാണ് കെയർ സ്റ്റാർമർ പറഞ്ഞത്. ഇന്ത്യയ്‌ക്ക് പുറമെ ബ്രസീൽ, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾക്കും ആഫ്രിക്കയുടെ പ്രാതിനിധ്യവും കൗൺസിലിൽ വേണമെന്നും ഇദ്ദേഹം വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്ന് ഇന്ത്യ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. യുഎന്നിൽ സ്ഥിരാംഗത്വം വേണമെന്ന ആവശ്യവും ഇതിന് മുന്നോടിയായാണ് ഇന്ത്യ മുന്നോട്ട് വച്ചത്.
യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ, യുകെ എന്നീ അഞ്ച് സ്ഥിരാംഗങ്ങളാണ് യുഎൻ സുരക്ഷാ സമിതിയിലുള്ളത്. ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണയ്‌ക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ അഭിപ്രായം പറഞ്ഞിരുന്നു. റഷ്യയും ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഫ്രാൻസും യുകെയും സമാന ആവശ്യം മുന്നോട്ട് വച്ചത്.
നിലവിൽ സ്ഥിരാംഗത്വമുള്ള നാല് രാജ്യങ്ങളും ഇന്ത്യയ്‌ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൻ സുരക്ഷാ സമിതിയെ കൂടുതൽ കാര്യക്ഷമമാക്കണമെന്നും, അതിനാൽ രക്ഷാസമിതി വിപുലീകരിക്കുന്നതിനെ ഫ്രാൻസ് എല്ലാക്കാലത്തും പിന്തുണയ്‌ക്കുമെന്നുമാണ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത്. ജർമ്മനി, ജപ്പാൻ, ബ്രസീൽ, ആഫ്രിക്കയിലെ രണ്ട് രാജ്യങ്ങൾ എന്നിവരും സമിതിയിൽ അംഗമായിരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യുഎൻ സുരക്ഷാ സമിതിയുടെ ഘടന കാലഹരണപ്പെട്ടതാണെന്ന വിമർശനം ഉയർത്തിയിട്ടുണ്ട്. കൃത്യമായ പരിഷ്‌കാരങ്ങൾ നടത്തിയില്ലെങ്കിൽ അതിന്റെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെടുമെന്നാണ് ഗുട്ടെറസ് പറഞ്ഞത്. സ്ഥിരാംഗത്വമുള്ള അഞ്ച് രാജ്യങ്ങൾക്ക് പുറമെ രണ്ട് വർഷം വീതം കാലാവധിയുള്ള 10 സ്ഥിരമല്ലാത്ത അംഗങ്ങളും സുരക്ഷാ കൗൺസിലിന്റെ ഭാഗമായിരിക്കും.















