ന്യൂഡൽഹി: യാത്രികർക്ക് സൗകര്യപ്രദമായ ട്രെയിൻയാത്ര ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം കൂടുതൽ കോച്ചുകളും പ്രത്യേക ട്രെയിനുകളും അനുവദിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഛാഠ്പൂജ, ദീപാവലി എന്നീ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇതിന്റെ ഭാഗമായി 108 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ ഏർപ്പാടാക്കി. ഛാഠ് പൂജ, ദീപാവലി സീസൺ ആയതിനാൽ ആകെ 12,500 അധിക കോച്ചുകൾ അനുവദിച്ചു. ഇത്തവണ രാജ്യത്താകെ 5,975 പ്രത്യേക ട്രെയിനുകളാണ് ഛഠ് പൂജ വേളയിൽ സർവീസ് നടത്തുന്നത്. ഇത് ഒരു കോടിയിലധികം യാത്രക്കാർക്ക് പ്രയോജനകരമാകുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഉത്സവ സീസണിൽ നാട്ടിലേക്ക് പോകാനും തിരിച്ചുവരാനും കൂടുതലാളുകളും ട്രെയിൻ മാർഗം ആശ്രയിക്കുന്നതിനാൽ ടിക്കറ്റ് ലഭിക്കാൻ വളരെയധികം പ്രയാസം നേരിടാറുണ്ട്. ജനറൽ കമ്പാർട്ട്മെന്റുകളിൽ അനിയന്ത്രിതമായ തിരക്കും അനുഭവപ്പെടും. ഈ സാഹചര്യത്തിലാണ് അധിക കോച്ചുകളും പ്രത്യേക ട്രെയിനുകളും അനുവദിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയത്.
ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഭാരത്-നേപ്പാൾ യാത്രയ്‌ക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ സെപ്റ്റംബർ 20ന് റെയിൽവേ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സമ്പന്നമായ സാംസ്കാരിക പൈതൃകം നേരിട്ടറിയാനും അനുഭവിക്കാനും വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കുന്ന സർവീസ് ആണിതെന്നും റെയിൽവേ മന്ത്രി പറഞ്ഞു.















