പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ഇതും വായിക്കുക
2024 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ
2024 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയുള്ള സമ്പൂർണ്ണ വാരഫലം ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കം ഏതെങ്കിലും തരത്തിലുള്ള അസുഖമോ ആരോഗ്യക്കുറവോ അനുഭവപ്പെടും. ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും ചതി നേരിടുവാൻ സാധ്യതയുണ്ട്. ബന്ധു ജനങ്ങളെ സഹായിക്കുമെങ്കിലും അവരിൽ നിന്നും തിക്താനുഭവങ്ങൾ നേരിടുവാൻ ഇടയുണ്ട്. മാതാപിതാക്കൾക്ക് സന്താനങ്ങളെ കൊണ്ട് അഭിമാനം തോന്നുന്ന നിമിഷങ്ങൾ ജീവിതത്തിൽ സഫലീകരിക്കപ്പെടും. വിദ്യാർഥികളിൽ പഠന വിഷയങ്ങളിൽ മികച്ച വിജയം ലഭിക്കുവാൻ ഇടയുണ്ടാകും. കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുവാനുള്ള അവസരം ലഭിക്കുകയും അതിൽ മികച്ച അംഗീകാരം ലഭിക്കുവാനും ഇടയാകും. സാമ്പത്തിക കാര്യങ്ങളിൽ വളരെ കാലമായി ഉണ്ടായിരുന്ന പ്രതിസന്ധി മാറി പുതിയ വരുമാന മാർഗങ്ങൾ തുറന്നുവരും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആയതിനാൽ വളരെയധികം ജീവിതത്തിൽ പോസിറ്റീവ് ആയിരുന്നാൽ വളരെയധികം ഗുണഫലങ്ങൾ ലഭിക്കും..
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാത പിത്ത കഫ രോഗം ഉള്ളവർ വളരെയധികം സൂക്ഷിക്കേണ്ട സമയമാണ്. രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ വളരെയധികം ജാഗ്രത പാലിച്ചില്ലെങ്കിൽ വിഷഭയം ഉണ്ടാകുവാൻ സാധ്യതയുണ്ട് . ആരോഗ്യക്കുറവ് അനുഭവപ്പെടുകയും ശരീരശോഷണം ഉണ്ടാവുകയും ചെയ്യും. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ശരീര അസ്വാസ്ഥ്യം അനുഭവപ്പെടുവാൻ സാധ്യതയുണ്ട്. ഏതെങ്കിലും ഡോക്യുമെന്റുകൾ ഒപ്പിടുമ്പോഴോ ലോൺ സംബന്ധമായ സാമ്പത്തിക ക്രയവിക്രയം നടത്തുമ്പോൾ ശ്രദ്ധിക്കുക മോഷണ ശ്രമം ഉണ്ടാകുവാനോ ചതി ഉണ്ടാകുവാനോ സാധ്യതയുണ്ട്. വാരത്തിന്റെ അവസാനം തൊഴിൽപരമായി വളരെയധികം മുന്നേറ്റം ഉണ്ടാകും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കുവാൻ ഇടയുണ്ട്. ദാമ്പത്യ ഐക്യം , ബന്ധുജന സമാഗമം, തൊഴിൽ വിജയം, സൽസുഹൃത്തുക്കളെ ലഭിക്കുവാനുള്ള ഭാഗ്യം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഈ വാരം വളരെയധികം നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുന്ന വാരമാണ്. ദമ്പതികൾ തമ്മിൽ പരസ്പര ധാരണയോടുകൂടി പല കാര്യങ്ങളിലും ഒത്തുതീർപ്പ് ഉണ്ടാകും. വളരെ നാളായി ആഗ്രഹിച്ചിരുന്ന നവീന ഗൃഹം സ്വന്തമാക്കുവാൻ അവസരം ലഭിക്കും. സ്വത്ത് സംബന്ധമായി കേസ് വഴക്കുകൾ ഉള്ളവർക്ക് അനുകൂലമായ വിധിയുണ്ടാകും. എന്നാൽ വാരമധ്യത്തോടുകൂടി രോഗാദി ദുരിതം അലട്ടുവാൻ സാധ്യതയുണ്ട്. ഉദര സംബന്ധമായും കാൽമുട്ട് സംബന്ധമായും സർജറി വരുവാൻ സാധ്യതയുള്ളതിനാൽ കൃത്യസമയത്ത് വൈദ്യസഹായം തേടി അസുഖം കുറച്ചാൽ രോഗത്തിന്റെ കാഠിന്യം കുറയ്‌ക്കുവാൻ സാധിക്കും. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അനാവശ്യമായ സംസാരം മൂലം തെറ്റിപ്പിരിയുവാൻ സാധ്യതയുണ്ട്. സന്താനങ്ങളെ പറ്റി ആശങ്കയും ഉത്കണ്ഠയും വർദ്ധിക്കുന്ന വാരമാണ്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യയും ഉണ്ടാകും. മറ്റുള്ളവരുടെ ആദരവും പ്രശംസയും ലഭിക്കുന്ന സന്ദർഭം ഉണ്ടാകും. മേലധികാരിയുടെ പ്രീതി ലഭിക്കുവാനും അതുവഴി പദവിയിൽ ഉന്നതസ്ഥാനം അലങ്കരിക്കുവാനും ഭാഗ്യം ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവുകയും അതുവഴി ജീവിതത്തിൽ മനസമാധാനവും സന്തോഷവും ഉണ്ടാവുന്ന സന്ദർഭങ്ങൾ ഉണ്ടാകും.
സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനും അവരോടൊപ്പം ഉല്ലാസയാത്രകൾ പോകുവാനും അവസരം ലഭിക്കും. സമൂഹത്തിലെ വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനും അവരിൽ നിന്നും ഉപഹാരം ലഭിക്കുവാനും ഇടയുണ്ട്. ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, കീർത്തി, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും. എന്നാൽ വാരം അവസാനം ചില ശരീര അസ്വസ്ഥതകൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ കൃത്യസമയത്ത് മരുന്ന് കഴിക്കുവാൻ ശ്രദ്ധിക്കുന്നത് ഉചിതം ആയിരിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V