ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയായ 2,000 രൂപ നോട്ടിനെക്കുറിച്ച് എല്ലാവർക്കുമറിയാം. 2016ൽ നോട്ടുനിരോധനം നടന്നതിന് ശേഷം രണ്ടായിരത്തിന്റെ കറൻസിയായിരുന്നു ജനങ്ങളിലേക്ക് എത്തിയത്. എന്നാലിത് കഴിഞ്ഞയിടയ്‌ക്ക് പിൻവലിക്കുകയും ചെയ്തു. രണ്ടായിരത്തിന്റെ നോട്ട് പിറക്കുന്നതിന് മുൻപ് അതിനേക്കാൾ മൂല്യമുള്ള പല കറൻസികളും ഇന്ത്യയിലുണ്ടായിരുന്നു. അതിൽ അയ്യായിരത്തിന്റെയും പതിനായിരത്തിന്റേയും നോട്ടുകൾ ഉൾപ്പെടും. ആ ‘വലിയ’ നോട്ടുകളുടെ പിറവിയെക്കുറിച്ച് അറിയാം..
10,000 രൂപ കറൻസിയുടെ ഉത്ഭവം:
പതിനായരത്തിന്റെ നോട്ട് അച്ചടിച്ച് വിതരണം ചെയ്തതിനെക്കുറിച്ച് അറിയണമെങ്കിൽ സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലത്തേക്ക് പോകേണ്ടി വരും. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ്, 1938ലായിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 10,000 രൂപയുടെ കറൻസി പുറത്തുവിട്ടത്. ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള നോട്ടായിരുന്നു അത്.
വലിയ പണമിടപാടുകൾ കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ, വ്യാപാരികളും കച്ചവടക്കാരും മാത്രം ഉപയോഗിച്ചിരുന്ന നോട്ടായിരുന്നു 10,000 രൂപയുടെ കറൻസി. രണ്ടാം ലോക മഹായുദ്ധകാലത്ത് വ്യാപകമായ കരിഞ്ചന്ത വ്യാപാരവും പൂഴ്‌ത്തിവപ്പും തടയുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെയായിരുന്നു ഉയർന്ന മൂല്യമുള്ള നോട്ട് അടിച്ചിറക്കിയത്. എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നോടിയായി, 1946ൽ ബ്രിട്ടീഷ് സർക്കാർ 10,000ത്തിന്റെ നോട്ട് താത്കാലികമായി പിൻവലിച്ചു. പിന്നീട് 1954 ആയപ്പോൾ വീണ്ടും ഇതേ നോട്ടുകൾ കടന്നുവന്നു. ഒപ്പം 5,000ത്തിന്റെ നോട്ടും ഉണ്ടായിരുന്നു.
‘10,000 രൂപ’ നോട്ടുനിരോധനം:
1978ലായിരുന്നു അത് സംഭവിച്ചത്. 10,000 രൂപയുടെ നോട്ട് ഭാരത സർക്കാർ എന്നന്നേക്കുമായി പിൻവലിച്ചു. ഉയർന്ന മൂല്യമുള്ള നോട്ടായിരുന്നതിനാൽ സാധാരണക്കാരുടെ കൈകളിലൊന്നും അതുണ്ടായിരുന്നില്ല. പൊതുജനം 10,000 രൂപയുടെ കറൻസി ഉപയോഗിച്ച് പണമിടപാടുകളൊന്നും തന്നെ നടത്തിയിരുന്നുമില്ല. അപ്പോഴായിരുന്നു അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. ഉയർന്ന മൂല്യമുള്ള കറൻസി ഉപയോഗിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നത് തടയിടുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
കാരണം പ്രതിദിന പണമിടപാടുകൾക്കായി സാധാരണക്കാർ അവ ഉപയോഗിച്ചിരുന്നില്ല. മറിച്ച്, വ്യാപാരികളും കരിഞ്ചന്തയിലെ ഇടപാടുകാരുമാണ് വലിയ കറൻസി കയ്യടക്കി വച്ചിരുന്നത്. സമൂഹത്തിലെ സാമ്പത്തിക ക്രമക്കേടുകൾക്ക് ഒരുപരിധി വരെ തടയിടാൻ നോട്ടുനിരോധനത്തിന് കഴിയുമെന്ന് സർക്കാർ വിശ്വസിച്ചിരുന്നു.
അക്കാലത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ആകെ വിതരണം ചെയ്യപ്പെട്ടിരുന്നത് 7,144 കോടി രൂപയായിരുന്നു. 1976 മാർച്ച് 31ലെ കണക്കാണിത്. ഇതിൽ 22.90 കോടി രൂപ അയ്യായിരത്തിന്റെ നോട്ടും 1.26 കോടി രൂപ പതിനായിരത്തിന്റെ നോട്ടുമായിരുന്നു. 87.91 കോടി രൂപ ആയിരത്തിന്റെ നോട്ടും. അതായത്. ആകെ 1,260 നോട്ടുകൾ മാത്രമാണ് പതിനായിരത്തിന്റെ കറൻസിയായി ഉണ്ടായിരുന്നത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 2 ശതമാനം മാത്രമായിരുന്നു പതിനായിരത്തിന്റെ കൻസി. അതിനാൽ നോട്ടുനിരോധനം അക്കാലത്ത് വലിയ പ്രത്യാഘാതങ്ങളൊന്നും തന്നെ സൃഷ്ടിച്ചില്ല.
ആർബിഐയുടെ മുൻ ഗവർണർമാർ പലരും 5,000 – 10,000 രൂപ നോട്ടുകളുടെ തിരിച്ചുവരവിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചിരുന്നു. എങ്കിലും പല പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് അത്തരം ശുപാർശകൾ കേന്ദ്രസർക്കാർ നടപ്പാക്കിയില്ല.