ടെൽ അവീവ്: ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. ഇറാൻ പിന്തുണയോടെ ലെബനനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ആസ്ഥാനം തവിടുപൊടിയായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തകർന്ന കെട്ടിടങ്ങളിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള ഉണ്ടായിരുന്നുവെന്ന് ആദ്യമേ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, കൊല്ലപ്പെട്ടതായി ലെബനനോ ഹിസ്ബുള്ളയോ ഇസ്രായേലോ സ്ഥിരീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കി ഐഡിഎഫ് രംഗത്തെത്തിയത്.
ലോകത്തെ ഭീതിയിലാഴ്‌ത്താൻ ഇനി ഹസ്സൻ നസറുള്ളയ്‌ക്ക് സാധ്യമാവില്ലെന്ന കുറിപ്പാണ് ഐഡിഎഫ് എക്സിൽ പങ്കുവച്ചിരിക്കുന്നത്. ബെയ്റൂട്ടിലേക്ക് നടത്തിയ കനത്ത വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ചാരമായെന്ന് സ്ഥിരീകരിക്കുകയാണ് ഇസ്രായേൽ. കൂടാതെ ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് ലെഫ്. കേണൽ നദാവ് ഷോഷാനിയും വാർത്ത സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹിസ്ബുള്ളയുടെ തലവനായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹസ്സൻ നസറുള്ള.