മലപ്പുറം: ഫോൺ ചോർത്തിയതിന് പി വി അൻവറിനെതിരെ കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിന് കോട്ടയം കറുകച്ചാൽ പൊലീസാണ് അൻവറിനെതിരെ കേസെടുത്തത്. കോട്ടയം സ്വദേശി തോമസ് പീലീയാനിക്കലിന്റെ പരാതിയിലാണ് കേസ്. ഫോൺ ചോർത്തി, ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതായി പരാതിയിൽ ആരോപിക്കുന്നു.
കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. അൻവറിന്റെ വെളിപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചതായും പരാതിയിൽ പറയുന്നു.
അതേസമയം, അൻവറിന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അൻവറിന് സുരക്ഷ ഒരുക്കുന്നത്.
സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ഒരു ഓഫീസർ , മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂറും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.















