ടെഹ്‌റാൻ: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ യുഎൻ രക്ഷാസമിതി യോഗം വിളിച്ച് ചേർക്കണമെന്ന് ഇറാൻ. ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനു പിന്നാലെയാണ് നീക്കം. വധത്തിനുപിന്നാലെ ലെബനൻ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് പ്രദേശത്ത് മിസൈലാക്രമണം നടത്തിയെങ്കിലും ഈ ശ്രമങ്ങൾ ഇസ്രായേലി സേന നിർവീര്യമാക്കി.
ഹസൻ നസറുള്ളയുടെ കൊലപാതകത്തെ ചരിത്രപരമായ വഴിത്തിരിവായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചു. അതേസയം ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെടുകയും 195 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നസറുള്ള കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചതോടെ സിറിയയിൽ ആഘോഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സിറിയൻ വിപ്ലവത്തെ അടിച്ചമർത്താൻ പ്രസിഡൻ്റ് ബഷാർ അൽ അസദിനെ ഈ ഭീകരവാദ സംഘം സഹായിച്ചതിനാൽ ഹിസ്ബുള്ളയെ ജനങ്ങൾ ശത്രുവായിട്ടാണ് കാണുന്നത്. ആഭ്യന്തരയുദ്ധകാലത്ത് അസദിനെ സഹായിക്കാൻ 50,000ത്തോളം ഭീകരരെ ഹിസ്ബുള്ള അയച്ചു നൽകിയിരുന്നു. തുടർന്ന് ആയിരക്കണക്കിന് സിറിയക്കാരെ ഹിസ്ബുള്ള കൊലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ആയിരക്കണക്കിന് അമേരിക്കക്കാർ, ഇസ്രായേൽ, ലെബനീസ് പൗരൻമാർ എന്നിവരുൾപ്പെടെ നിരവധി ഇരകൾക്ക് നസറുള്ളയുടെ കൊലപാതകം നീതിയുടെ അളവുകോലാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രതികരിച്ചു.