ബെയ്റൂട്ട് വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മറ്റൊരു മുതിർന്ന കമാൻഡർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ. ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് പ്രസിഡന്റ് നബീൽ ക്വാക്ക് ആണ് കൊല്ലപ്പെട്ടത്. ബെയ്റൂട്ടിലെ പ്രാന്തപ്രദേശങ്ങളിലേക്ക് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ തലവൻ വധിക്കപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന കമാൻഡറെയും വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടത്.
ഹിസ്ബുള്ളയുടെ പ്രിവന്റീവ് സെക്യൂരിറ്റി യൂണിറ്റ് കമാൻഡറും എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ നബീൽ ക്വാക്കിനെ വധിച്ചുവെന്ന് ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇസ്രായേലിനെതിരെയും ഇസ്രായേൽ പൗരന്മാർക്കെതിരെയും ഭീകരാക്രമണങ്ങൾ നടത്തുന്നതിൽ മുഖ്യപങ്കുവഹിച്ചയാളാണ് നബീൽ ക്വാക്ക് എന്നും 1980കളിലാണ് ഇയാൾ ഹിസ്ബുള്ളയിൽ ചേരുന്നതെന്നും ഐഡിഎഫ് അറിയിച്ചു.
ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ഡിവിഷൻ മുതിർന്ന കമാൻഡർ ഹസ്സൻ ഖാലിൽ യാസ്സിനും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഐഡിഎഫ് പറയുന്നു. സംഘടനയുടെ ആയുധശേഖരണവുമായി ബന്ധപ്പെട്ട് യാസ്സിന് ചുമതലകളുണ്ടായിരുന്നു. ഹിസ്ബുള്ളയുടെ റോക്കറ്റ്, മിസൈൽ, ഡ്രോൺ യൂണിറ്റുകളുമായി ബന്ധപ്പെട്ടും യാസിൻ പ്രവർത്തിച്ചിരുന്നു. ഹിസ്ബുള്ളയുടെ തലവനെ വകവരുത്തിയതായി ഐഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്റലിജൻസ് യൂണിറ്റ് മേധാവിയുടെ വധവും എക്സിക്യൂട്ടീവ് കൗൺസിലംഗത്തിന്റെ വധവും റിപ്പോർട്ട് ചെയ്യുന്നത്.