ഭക്ഷണത്തിൽ വെണ്ടയ്‌ക്ക കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാൽ ഇരുകൂട്ടർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡ്രിങ്ക് ആണ് ഇന്റർനെറ്റിൽ വൈറലായിമാറിയിരിക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ‘ഒക്ര വാട്ടർ’ ട്രെൻഡ് പരീക്ഷിച്ചതിന്റെ അനുഭവം പങ്കുവയ്‌ക്കുകയാണ് ഉപയോക്താക്കൾ. ശരീര ഭാരം മാത്രമല്ല ചർമ്മം തിളങ്ങാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനുമെല്ലാം ഈ പാനീയത്തിന് അദ്‌ഭുത കഴിവുകളുണ്ടെന്നാണ് ഇവരെല്ലാം അവകാശപ്പെടുന്നത്.
ധാരാളം ഗുണങ്ങളുള്ള പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ് വെണ്ടയ്‌ക്ക എന്ന കാര്യത്തിൽ സംശയമില്ല. വിറ്റാമിൻ സി, കെ , ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ B6 എന്നിവയുടെ ഉറവിടമാണ് വെണ്ടയ്‌ക്ക. കൊളസ്‌ട്രോൾ കുറയ്‌ക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഫൈബറുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ക്വെർസെറ്റിൻ, കാറ്റെച്ചിൻ, വിറ്റാമിൻ എ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളുമുണ്ട്. വെണ്ടയ്‌ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
വെണ്ടയ്‌ക്ക രാത്രി മുഴവൻ വെള്ളത്തിൽ കുതിർത്ത പാനീയമാണ് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുമെന്ന് ആളുകൾ അവകാശപ്പെടുന്നത്. പാനീയം ആരോഗ്യകരമാണെങ്കിലും ശരീരഭാരം കുറയ്‌ക്കാനുള്ള അദ്‌ഭുത സിദ്ധികൾ ഒക്ര വാട്ടറിന് ഉണ്ടെന്ന് കരുതരുതെന്ന് വിദഗ്ധർ പറയുന്നു.ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിച്ചേക്കാം. എന്നാൽ അമിതമായ ഉപഭോഗം ദഹന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
View this post on Instagram















