എറണാകുളം: ലൈംഗികാരോപണ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖിന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സ്വദേശികളായ നാഹി, പോൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് പേരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചതായാണ് വിവരം.
ഇന്ന് പുലർച്ചെയാണ് പൊലീസ് യുവാക്കളുടെ വീടുകളിലെത്തി കസ്റ്റഡിയിലെടുത്തത്. സിദ്ദിഖ് എവിടെയാണെന്ന് ചോദിച്ചാണ് പൊലീസ് വീട്ടിലേക്ക് കയറിവന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള പൊലീസ് നടപടിക്കെതിരെ യുവാക്കളുടെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഒളിവിൽ പോയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ സിദ്ദിഖിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. മകൻ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. അതേസമയം, സിദ്ദിഖ് എവിടെയെന്ന് ചോദിച്ച് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി മകൻ ഷഹീൻ ആരോപിച്ചു.
സിദ്ദിഖിനെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തിന്റെ മൂക്കിന്റെ തുമ്പത്ത് തന്നെ സിദ്ദിഖ് ഉണ്ടെന്നാണ് വിവരം. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയ ദിവസം സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ സിദ്ദിഖിന്റെ ഹർജി സുപ്രീം കോടതി നാളെ (സെപ്റ്റംബർ30)-ന് പരിഗണിക്കും.