ന്യൂഡൽഹി: പൊലീസിന്റെ കണ്ണിൽ പൊടിയിട്ട് വാട്സ്ആപ്പിലൂടെ പ്രവർത്തിച്ച ലഹരിക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികൾ പിടിയിൽ. വാട്സ്ആപ്പിലൂടെയാണ് ഓർഡറുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ വിതരണക്കാരനും ആവശ്യക്കാരനും നേരിട്ട് കാണുന്നില്ല എന്ന തന്ത്രമാണ് ഈ മയക്കുമരുന്ന് റാക്കറ്റ് സംഘം വിദഗ്ധമായി നടപ്പിലാക്കിയിരുന്നത്. അപ്പർ ഷിംല മേഖലയിലെ ഷാഹി മഹാത്മാ എന്ന ശശി നേഗിയാണ് റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ.
പൊലീസിന് യാതൊരു സംശയവും തോന്നാത്ത വിധത്തിൽ 6 വർഷക്കാലത്തോളമാണ് ഷിംലയിലും മറ്റ് സംസ്ഥാനങ്ങളിലും ഇവരുടെ വിതരണ ശൃംഖല പ്രവർത്തിച്ചത്. മുഖ്യ സൂത്രധാരനായ ഷാഹി മഹാത്മായിൽ നിന്നും പലകൈകൾ മാറിയാണ് ഹെറോയിൻ ആവശ്യക്കാരനിലേക്ക് എത്തുന്നത്. ഈ കണ്ണികളെല്ലാം പരസ്പരം ബന്ധമില്ലാത്തവരുമാണ്. എന്നാൽ കഴിഞ്ഞ 20-നാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. ജമ്മു കശ്മീരിൽ അറസ്റ്റിലായ മുദാസിർ അഹമ്മദ് മോചി എന്നയാളുടെ പക്കൽ നിന്നും 465 ഗ്രാം ഹെറോയിൻ പൊലീസ് പിടിച്ചെടുത്തു.
ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണസംഘം ഷാഹി മഹാത്മായിലേക്ക് എത്തിച്ചേർന്നത്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസിന് റാക്കറ്റിലെ മറ്റ് കണ്ണികളെക്കുറിച്ചും വിവരം ലഭിച്ചു. ഷാഹിയും 40 ഓളം സഹായികളും ചേർന്നാണ് റാക്കറ്റ് നിയന്ത്രിച്ചിരുന്നത്. ഇയാൾക്ക് നൈജീരിയ, ന്യൂഡൽഹി, ഹരിയാന കശ്മീർ എന്നിവിടങ്ങളിലെ ലഹരിക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ട്. കഴിഞ്ഞ 15 മാസത്തിനുള്ളിൽ ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി 3 കോടിയോളം രൂപയുടെ പണമിടപാടുകൾ നടന്നിട്ടുള്ളതായും പൊലീസ് കണ്ടെത്തി.