സീസണിലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. സുവർണാവസരങ്ങൾ പാഴാക്കിയാണ് അർഹിച്ച വിജയം സമനിലയിൽ തളച്ചിട്ടത്. നോഹ സദൂയിയാണ് 67-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. 58-ാം മിനിട്ടിൽ അജാരെയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്റെ പിഴവിലായിരുന്നു ഇത്.
ബുള്ളറ്റ് ഫ്രീകിക്ക് സച്ചിന്റെ കൈയിൽ നിന്ന് വഴുതി കാലിനിടയിലൂടെ ഗോൾ ലൈൻ കടക്കുകയായിരുന്നു. നോർത്ത് ഈസ്റ്റിന്റെ തുടരെയുള്ള ആക്രമണങ്ങളിൽ വിറയ്‌ക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് ആദ്യ പകുതിയിൽ കണ്ടത്. പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നുവെങ്കിലും കൊമ്പന്മാർക്കും നോർത്ത് ഈസ്റ്റിനും ആദ്യപകുതിയിൽ ഗോൾ കണ്ടെത്താനായില്ല. നോർത്ത് ഈസ്റ്റിന്റെ മലയാളി താരം എം.എസ് ജിതിനാണ് കെമ്പാന്മാരുടെ ഡിഫെൻസിന് ഏറ്റവും വെല്ലുവിളിയുയർത്തിയത്.
നോഹ സദൂയിയുടെ നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സിന് കരുത്തായത്. ആദ്യ ഗോൾ വീണതോടെ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സിന് ആശ്വാസ ഗോൾ സമ്മാനിച്ചത് നോഹയായിരുന്നു. 66-ാം മിനിട്ടിൽ ബോക്സിനു പുറത്തുനിന്ന് അദ്ദേഹം ഉതിർത്ത വെടിയുണ്ട പ്രതിരോധ താരങ്ങളെയും കീറിമുറിച്ച് നോർത്ത് ഈസ്റ്റ് ഗോൾവല തുളയ്‌ക്കുകയായിരുന്നു.പിന്നീട് ഗില്ലർമോയുടെ ഹെഡ്ഡർ ഗോളായെങ്കിലും ഓഫ് സൈഡ് വിളിച്ചത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. 81ാം മിനിട്ടിൽ അഷീർ അക്തർ ചുവപ്പ് കാർഡ് കണ്ടു പുറത്തായിട്ടും നോർത്ത് ഈസ്റ്റിന് കൊമ്പന്മാരെ തളയ്‌ക്കാനായി. അവസാന മിനിട്ടിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ അവസരങ്ങൾ തുലച്ചില്ലായിരുന്നുവെങ്കിൽ മത്സര ഫലം മറ്റൊന്നായേനെ.
.@NoahWail to the rescue as he earned his side a valuable point! 👊#NEUKBFC #ISL #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #NoahSadaoui #ISLPOTM | @JioCinema @Sports18 @KeralaBlasters pic.twitter.com/LiTYKod4iu
— Indian Super League (@IndSuperLeague) September 29, 2024