കാൻസറിനോട് പോരാടുന്ന ബോളിവുഡ് സീരിയൽ താരം ഹിന ഖാന്റെ വാർത്തകൾ വളരെ പെട്ടന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. സ്തനാർബുദമാണ് താരത്തെ ബാധിച്ചത്. രോഗബാധിതയാണെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ ഓരോ വിശേഷങ്ങളും വിഷമങ്ങളും താരം പങ്കുവയ്‌ക്കാറുണ്ട്. ഇതിനിടയിലാണ് നടി മഹിമ ചൗധരിയുമായുള്ള സൗഹൃദ ബന്ധം താരം തുറന്നുപറഞ്ഞത്.
മഹിമ തന്റെ നല്ല സുഹൃത്താണെന്നും തന്റെ രോഗവിവരം ആദ്യം മഹിമയുമായാണ് പങ്കുവച്ചതെന്നും ഹിന പറഞ്ഞിരുന്നു. ഹിനയുടെ രോഗം അറിഞ്ഞപ്പോൾ ഇന്ത്യയിൽ തന്നെ ചികിത്സ നടത്തിയാൽ മതിയെന്ന് താനാണ് ഹിനയോട് പറഞ്ഞതെന്ന മഹിമയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
” ഒരു പാർട്ടിയിലാണ് ഹിനയെ ഞാൻ കാണുന്നത്. പിന്നീട് നല്ല സൗഹൃദത്തിലായി. കാൻസറാണെന്ന് ഹിന തന്നോടാണ് ആദ്യമായി പറഞ്ഞത്. ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോകുന്നുവെന്നും ഹിന പറഞ്ഞു. എന്നാൽ മുംബൈയിൽ തന്നെ ചികിത്സ തേടാനാണ് ഞാൻ നിർദേശിച്ചത്.
രോഗം ചികിത്സിക്കുന്ന സമയത്ത് നമുക്ക് മാനസിക പിന്തുണ ആവശ്യമാണ്. അമേരിക്കയിൽ നാം ഒറ്റയ്‌ക്കായിരിക്കും. സങ്കീർണമായ ചികിത്സാ രീതികളിലൂടെ കടന്നുപോകുമ്പോൾ സന്തോഷം നഷ്ടപ്പെട്ടേക്കാം. ഇവിടെയുള്ള ചികിത്സയും മികച്ചതാണ്. അമേരിക്കയിലായാലും ഇന്ത്യയിലായാലും കഴിക്കുന്ന ഗുളികയും ചികിത്സാ രീതികളും ഒന്നു തന്നെയാണെന്ന് ഞാൻ ഹിനയോട് പറഞ്ഞിരുന്നു. ഇത് കേട്ടാണ് ഹിന ഇന്ത്യയിൽ തന്നെ ചികിത്സ തേടിയത്. അത് വളരെയധികം നന്നായിയെന്ന് ഇപ്പോൾ ഹിനയ്‌ക്ക് തോന്നുണ്ട്. അതിന് ഒരുപാട് നന്ദിയും അവൾ അറിയിച്ചിരുന്നു.”- മഹിമ ചൗധരി പറഞ്ഞു.
ഒരുപാട് വേദന അനുഭവിക്കുമ്പോൾ തന്നെ താങ്ങി നിർത്തുന്നവരാണ് തന്റെ അമ്മയും സുഹൃത്തുക്കളുമെന്ന് ഹിന മുമ്പ് വ്യക്തമാക്കിയിരുന്നു. പിറന്നാൾ ദിവസത്തിൽ ഹിനയെ മഹിമ കാണാൻ വന്നതിന്റെ ചിത്രവും താരം സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു.