പത്തനംതിട്ട: പിവി അൻവർ എംഎൽഎ വിളിച്ച രാഷ്‌ട്രീയ വിശദീകരണ പൊതുയോഗത്തിലും രാഷ്‌ട്രീയ നിലപാടിലും ഒരു പ്രത്യേകതയും സിപിഎമ്മോ എൽഡിഎഫോ കാണുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സിപിഎമ്മിനെതിരെ സംസാരിക്കുമ്പോൾ പറയുന്നത് കേൾക്കാൻ ആളുകൾക്ക് താൽപര്യം ഉണ്ടാകും. അങ്ങനെ വന്ന് കൂടുന്നതായി കണക്കാക്കിയാൽ മതി. അതിൽ വേറൊരു പ്രത്യേകതയും ഞങ്ങൾ കാണുന്നില്ലെന്നും ടിപി രാമകൃഷ്ണൻ പത്തനംതിട്ടയിൽ പറഞ്ഞു.
സിപിഎമ്മിന് അകത്തുളള വിഷയമല്ല ഇത്. അൻവർ പാർട്ടി മെമ്പർ അല്ല, പുറത്തുനിന്ന് വന്ന ആളാണ്. പാർട്ടിക്ക് അകത്തെ സംഘടനാ രീതിയോ രാഷ്‌ട്രീയ നിലപാടുമായോ ബന്ധമുളള ആളല്ല അൻവർ എന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പാർട്ടിക്ക് പുറത്തുളള ഒരുപാട് പേർ ഇത്തരം വിഷയങ്ങൾ ഉന്നയിച്ചുവരുന്നുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായ സ്ഥിതിയൊന്നും ഇതിൽ ഇല്ല.
നിലമ്പൂർ സീറ്റിൽ അൻവറിനെ സ്വതന്ത്രനായി സിപിഎം നിർത്തിയത് മണ്ഡലത്തിലെ അന്നത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അൻവറിന് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് വരാതെ അങ്ങനെ പറയുന്നത് ശരിയല്ലെന്ന് ആയിരുന്നു സിപിഐയുടെ നിലപാടിനെക്കുറിച്ച് ടിപി രാമകൃഷ്ണന്റെ പ്രതികരണം.















