ന്യൂഡൽഹി: പി വി അൻവർ തീക്കൊള്ളി കൊണ്ട് തലച്ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. അൻവർ മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്യുകയാണെന്നും അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും എ കെ ബാലൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബാലൻ.
“ചെറിയ കാര്യങ്ങൾ പോലും മാന്തി മാന്തി പുണ്ണാക്കി ഓരോരുത്തരെയും പിടിച്ച് അൻവറിന്റെ കൈയ്യിലേക്ക് കൊടുക്കുന്നതാണ് ഇപ്പോൾ മാദ്ധ്യമങ്ങളുടെ ജോലി. പ്രസംഗം കേൾക്കാൻ ആരാണ് പോകാത്തത്. ആരുടെ പ്രസംഗം നടന്നാലും കേൾക്കാൻ ആളുകൾ പോകാറുണ്ട്. അതുപോലെയാണ് ഇന്നലെ അൻവറിന്റെ പ്രസംഗം കേൾക്കാൻ ആളുകൾ കൂടിയത്. ഞാനായാലും അങ്ങനെയൊരു പരിപാടി നടക്കുമ്പോൾ പോയി പ്രസംഗം കേൾക്കും.
എന്തിനാണ് വിഷം കുത്തിവയ്ക്കുന്നത്. ഇതൊന്നും കേരളത്തിലെ ജനങ്ങൾക്ക് മനസിലാകില്ല എന്നാണോ എല്ലാവരും വിചാരിക്കുന്നത്. നിസ്കരിക്കുന്നതിന് ആരും എതിരല്ല, ഈ തുറുപ്പുചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. അൻവർ പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ അൻവറിന് കാത്തിരിക്കാമായിരുന്നല്ലോ”.
ആയിരക്കണക്കിന് സഖാക്കന്മാർ അവരുടെ സംഭാവനകൾ കൊണ്ട് വളർത്തിയെടുത്ത പാർട്ടിയാണിത്. എന്തെങ്കിലും തെറ്റ് കണ്ടാൽ ശക്തമായ നടപടി സ്വീകരിക്കും. രക്തസാക്ഷികളെ മറന്ന് നിരക്കാനാകാത്ത ഒരു പ്രവൃത്തി സർക്കാരിന്റെ ഭാഗത്ത് നിന്നോ സഖാക്കളുടെ ഭാഗത്ത് നിന്നോ ഉണ്ടായാൽ പാർട്ടി അംഗീകരിക്കില്ലെന്നായിരുന്നു എം കെ ബാലന്റെ വാദം.















