ന്യൂഡൽഹി: പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനകളുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ നുണ പ്രചരണം നടത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ” പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏതുവിധത്തിലും ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം രാഹുൽ നുണ പ്രചരിപ്പിക്കാൻ തുടങ്ങി. പ്രധാനമന്ത്രി ഒബിസി വിഭാഗത്തിൽ നിന്നാണ്, എന്തുകൊണ്ടാണ് പ്രതിപക്ഷ നേതൃസ്ഥാനം പിന്നാക്ക വിഭാഗത്തിന് കൊടുക്കാത്തത്? രാഹുൽ ഉയർത്തുന്ന അതേ ചോദ്യങ്ങൾ ജനങ്ങൾ തിരികെ ചോദിക്കാൻ തുടങ്ങിയാൽ രാഹുലിന് ഉത്തരമുണ്ടാകില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് പങ്കെടുത്ത റാലികളിലെല്ലാം രാഹുൽ ഭരണഘടനയുടെ പകർപ്പുമായാണ് കറങ്ങി നടന്നത്. ഇപ്പോൾ രാഹുലിന്റെ കയ്യിലെ ഭരണഘടന എവിടെ പോയി. ഭരണഘടന അപകടത്തിലാണെന്ന് ഇപ്പോൾ രാഹുൽ പറയുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് പെൻഷനെ കുറിച്ചും അഗ്നിവീർ പദ്ധതിയെ കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചു. എന്നാൽ അതൊന്നും ഇപ്പോൾ മിണ്ടുന്നില്ല. സംവരണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതല്ല, ഇപ്പോൾ വിദേശരാജ്യങ്ങളിൽ പോയി പറയുന്നത്. തോന്നുന്ന സമയത്ത് തോന്നുന്ന പോലെ രാഹുൽ നിലപാട് മാറ്റുകയാണെന്നും” ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും തന്റെ നേതൃത്വത്തിൽ യോഗങ്ങൾ നടത്തിയെന്നും മികച്ച പ്രതികരണങ്ങളാണ് പലയിടത്ത് നിന്നും ലഭിച്ചതെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. ” ഹരിയാനയിൽ കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് മുഖ്യമന്ത്രിയുടെ പ്രദേശത്ത് മാത്രമാണ് വികസന പ്രവർത്തനങ്ങൾ നടന്നുവന്നത്. യാതൊരു സത്യസന്ധതയും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ബിജെപി സംസ്ഥാനത്ത് ഒന്നാകെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്നും” ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാണിച്ചു. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടാം തിയതിയാണ് വോട്ടെണ്ണൽ. 2019ൽ 40 സീറ്റുകൾ നേടി ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയായിരുന്നു. കോൺഗ്രസിന് 30 സീറ്റുകളാണ് അന്ന് ലഭിച്ചത്.















